പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലം വര്‍ഷം നാലു കഴിഞ്ഞിട്ടും ഇനിയും കരതൊട്ടില്ല. നിലവിലേതിന് സമാന്തരമായി ആരംഭിച്ച പുതിയ പാലത്തിന്റെ പണി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഉദ്ഘാടന സമയംവരെ പ്രഖ്യാപിച്ചാണ് നിര്‍മാണം തുടങ്ങിയത്. ഇതിനിടെ നിരവധി കരാറുകാർ മാറിമാറി വന്നു. പാലം നിർമാണം പുനരാരംഭിക്കാൻ രണ്ടുതവണയാണ് ടെൻഡർ ചെയ്തത്. രണ്ടുതവണയും മാനദണ്ഡപ്രകാരമുള്ള കരാറുകാറെ കിട്ടിയില്ലെന്നാണ് പറയുന്നത്. മൂന്നാം തവണ വീണ്ടും ടെൻഡർ ചെയ്തു.
പാലത്തിന്റെ പൂർത്തിയാക്കാനുള്ള പ്രവൃത്തികൾ 20.58 കോടിക്ക് കേരള റോഡ് ഫണ്ട് ബോർഡാണ് ടെൻഡർ ചെയ്തത്. നിർദിഷ്ട കോഴഞ്ചേരി സമാന്തരപാലത്തിന് മുന്നിലെത്തി കോഴഞ്ചേരി-തിരുവല്ല റോഡിൽ ചേരുന്നതാണ് പാലത്തിന്റെയും റോഡിന്റെയും ഘടന. 1948ൽ നിർമിച്ച കോഴഞ്ചേരി പഴയ പാലത്തിന്റെ ഇരുവശത്തേക്കുമുള്ള സുഗമഗതാഗതത്തിന് ഈ പാലം അപര്യാപ്തമായിരുന്നു. 2018 ഡിസംബര്‍ 27നാണ് പുതിയ പാലം നിര്‍മാണം തുടങ്ങിയത്. ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, റോഡിനുള്ള സ്ഥലം ഏറ്റെടുക്കുന്നതില്‍ പാലം നിര്‍മാണം കുരുങ്ങി. സ്ഥലമേറ്റെടുപ്പിലേക്ക് കടന്നതോടെ പരാതികളും കേസുകളും തുടങ്ങി.
നെടുംപ്രയാര്‍ കരയെയും കോഴഞ്ചേരി ചന്തക്കടവിനെയും ബന്ധിപ്പിക്കുന്ന പാലം പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള വീതികുറഞ്ഞ പാലത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടുമെന്നാണ് പ്രഖ്യാപനം.സാങ്കേതിക അനുമതി ലഭിച്ച പുതിയ പാലം 2016-17 സാമ്പത്തിക വര്‍ഷമാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയത്. കിഫ്ബി ഫണ്ടില്‍നിന്ന് 19.69 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. 198.80 മീറ്റര്‍ നീളവും 7.5 മീറ്റര്‍ കാര്യേജ് വഴിയുടെ വീതിയും ഇരുവശത്തുമായി 1.6 മീറ്റര്‍ വീതിയുള്ള നടപ്പാതയും അടക്കം ആകെ 12 മീറ്റര്‍ വീതിയാണുള്ളത്. രണ്ട് സ്പാനുകളിലെ ആര്‍ച്ചിന്റെ കോണ്‍ക്രീറ്റിങ് കഴിഞ്ഞു.
നാല് ആര്‍ച്ചാണ് പാലത്തിനുള്ളത്. വെള്ളത്തില്‍ മൂന്നും ഇരുകരകളോടും ചേര്‍ന്ന് ഓരോന്നും ഉള്‍പ്പെടെ അഞ്ചു തൂണുകളിലാണ് പാലം നിര്‍മിക്കുന്നത്. തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്റര്‍ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റര്‍ നീളത്തിലുമാണ് സമീപന പാത. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് കാര്യാലയത്തിനു മുന്നില്‍നിന്ന് ആരംഭിക്കുന്ന സമീപന പാത കോഴഞ്ചേരി വണ്ടിപ്പേട്ടക്ക് മുന്നിലുള്ള വണ്‍വേ റോഡില്‍ അവസാനിക്കും. മാരാമണ്‍ കൺവെന്‍ഷനോടനുബന്ധിച്ച് പമ്പയാറിന്റെ കടവുകളിലേക്കുള്ള വഴികള്‍ നിലനിര്‍ത്താനായി പാലത്തിന്റെ ഇരുവശത്തുമുള്ള സമീപന പാതക്ക് സമീപം വഴികളും പദ്ധതിയിലുണ്ട്.
എന്നാല്‍, ഇരുകരയിലും തൂണുകളില്‍ ഒതുങ്ങുകയാണ് പാലം. പുതിയ പാലം കഴിഞ്ഞ ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി പ്രചാരണ ആയുധമാക്കിയിരുന്നു. എന്നാല്‍, അതിനുശേഷം പണി ഇഴഞ്ഞു. ഇപ്പോള്‍ പൂര്‍ണമായും നിലച്ചു. പാലം പണി നിലച്ചതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തിൽ സമരപരിപാടികൾ നടന്നിരുന്നു. പാലം പൂർത്തിയാക്കിയാൽ മാത്രമേ കോഴഞ്ചേരി ചന്തയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാകുകയുള്ളൂ എന്നാണ് കച്ചവടക്കാരും നാട്ടുകാരും പറയുന്നത്. നിർമാണത്തിന്റെ പശ്ചാത്തലത്തിലാണ് കടകൾ പൊളിച്ചുനീക്കിയത്. ആളുകളുടെ വരവ് കുറഞ്ഞതോടെ ചന്തയിലുള്ള വ്യാപാരം പേരിനുമാത്രമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.