ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകൾക്കാണ് സംസ്ഥാനതലത്തിൽ മഹാത്മ പുരസ്കാരം ലഭിച്ചത്. 2020-21 വർഷം മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട മികവാണ് ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുമ്പുറം, റാന്നി അങ്ങാടി പഞ്ചായത്തുകളെ പുരസ്കാരത്തിന് അർഹമാക്കിയത്. ഒരേസമയം അഞ്ച് പഞ്ചായത്തുകൾക്കുള്ള അംഗീകാരം ജില്ലക്ക് അഭിമാന നേട്ടമായി.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും കൂടുതൽ കുടുംബങ്ങൾക്ക് തൊഴിൽ അവസരം ലഭ്യമാക്കിയും പഞ്ചായത്ത് ഭരണസമിതികൾ നടത്തിയ ആത്മാർഥ പ്രവർത്തനം എന്തുകൊണ്ടും അഭിനന്ദനാർഹമാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്വരാജ് ട്രോഫി നേടി ജില്ലയിൽ തുമ്പമണ്‍ ഗ്രാമപഞ്ചായത്തും ഒന്നാമതെത്തി. ഇരവിപേരൂർ ആണ് രണ്ടാം സ്ഥാനത്ത്. ജില്ലകളിൽ സ്വരാജ് ട്രോഫി നേടുന്നവർക്ക് ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ചുലക്ഷം രൂപയുമാണ് സമ്മാനം. നേട്ടം എത്തിപ്പിടിക്കാൻ തദ്ദേശസ്ഥാപനങ്ങൾ കാഴ്ചവെച്ച മികവുറ്റ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു പരിശോധന..
ജനങ്ങളുടെ പ്രതിഫലനമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് -കലക്ടര്‍
പത്തനംതിട്ട: ജനങ്ങളുടെ പ്രതിഫലനമാണ് തദ്ദേശ സ്വയംഭരണ വകുപ്പെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തില്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി, മഹാത്മ പുരസ്കാരം എന്നിവ വിതരണം ചെയ്യുകയായിരുന്നു കലക്ടര്‍. സ്വരാജ് ട്രോഫിയില്‍ ഒന്നാംസ്ഥാനം നേടിയ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനും രണ്ടാംസ്ഥാനം നേടിയ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിനും കലക്ടര്‍ പുരസ്കാരവും സാക്ഷ്യപത്രവും സമ്മാനിച്ചു.
ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് പുരസ്കാരം സ്വീകരിച്ചു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള മഹാത്മ പുരസ്കാരത്തില്‍ ജില്ലതലത്തില്‍ ഒന്നാംസ്ഥാനം നേടിയ ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുമ്പ്രം, റാന്നി അങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് പുരസ്കാരവും സാക്ഷ്യപത്രവും നല്കി. ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് പുരസ്കാരം സ്വീകരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോ. ജില്ല പ്രസിഡന്റ് ആര്. തുളസീധരന്‍പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോ. ജില്ല പ്രസിഡന്റ് പി.എസ്. മോഹനന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. സുമേഷ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ എന്‍. ഹരി, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൊഴിലുറപ്പിൽ നൂറുമേനിയുമായി മൈലപ്ര-ചന്ദ്രികാ സുനിൽ (മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ്)
പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ സംസ്ഥാനതലത്തിൽ മികവാർന്ന പ്രവർത്തനവുമായി മൈലപ്ര പഞ്ചായത്ത്. മഹാത്മ പുരസ്കാരം മൈലപ്രയെ തേടി എത്തിയതിൽ ഭരണസമിതിക്കും അഭിമാനം. ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ പറഞ്ഞു. 420ഓളം തൊഴിലാളികളിൽ ഭൂരിഭാഗം പേർക്കും 100 ദിവസം തൊഴിൽ നൽകാൻ സാധിച്ചു. ഒരു കുടുംബത്തിന് 91.01 ശതമാനം ശരാശരി തൊഴിൽ ദിനങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്.
പ്രതീക്ഷിത ലേബർ ബഡ്ജറ്റിന്റെ 111.06 ശതമാനം തുക ചെലവഴിച്ചു. തൊഴിലിൽ ഏർപ്പെട്ട 80.77 ശതമാനം തൊഴിലാളികൾക്കും 100 ദിവസം തൊഴിൽ നൽകാൻ സാധിച്ചു. നിയമപ്രകാരം ഉള്ള കാലാവധിക്കുള്ളിൽ തന്നെ 100 ശതമാനം വേതനം നൽകി. മുൻ സാമ്പത്തികവർഷം ഏറ്റെടുത്ത പ്രവൃത്തികളിൽ 98.85 ശതമാനം സമയബന്ധിതമായി പൂർത്തീകരിച്ചു. കാലിത്തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട് എന്നിവയുടെ നിർമാണവും കാർഷിക ആവശ്യത്തിനായി കിണർ, കുളം നിർമാണവും ഏറ്റെടുത്തു നടപ്പാക്കാൻ സാധിച്ചു. പഞ്ചായത്തിലെ 13 വാർഡുകളിലും വികസന പ്രവർത്തനങ്ങൾ എത്തിക്കാനും കഴിഞ്ഞു.
അങ്ങാടിക്ക് നേട്ടമായത് കൂട്ടായ പ്രവർത്തനം-ബിന്ദു റെജി (പ്രസിഡന്റ് അങ്ങാടി പഞ്ചായത്ത്)
റാന്നി: കൂട്ടായ പ്രവർത്തനം ഇത്തവണ അങ്ങാടി പഞ്ചായത്തിനെ സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകളിലൊന്നാക്കാൻ കഴിഞ്ഞതായി പ്രസിഡന്റ് ബിന്ദു റെജി പറഞ്ഞു. സംസ്ഥാനതലത്തിലും ജില്ലതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മഹാത്മാ പുരസ്കാരം ലഭിച്ചത് പഞ്ചായത്തിന് തിലകക്കുറിയായി. ഉപഭോക്താക്കൾ ആവശ്യപ്പെടുമ്പോൾ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവൃത്തികൾ ചെയ്തുകൊടുക്കാൻ കഴിഞ്ഞു.
കോഴിക്കൂട്, ആട്ടിൻകൂട്, തൊഴുത്ത് എന്നിവ നിരവധി ചെയ്തു കൊടുത്തു. നീരൊഴുക്ക് സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ കാണിച്ചു. 2020-21 വർഷത്തിൽ സജീവ തൊഴിൽ കാർഡ് ലഭിച്ച 78.65 ശതമാനം കുടുംബങ്ങൾക്കും തൊഴിൽ കൊടുക്കാൻ കഴിഞ്ഞത് നേട്ടമായി. 100-170 ശതമാനം തൊഴിൽ ദിനങ്ങൾ പ്രതീക്ഷിത ലേബർ ബജറ്റിന്റെ അടിസ്ഥാനം ഉണ്ടാക്കാൻ പഞ്ചായത്തിന് കഴിഞ്ഞു. 71.37 ശതമാനം തൊഴിൽ ദിനങ്ങൾ ഒരോ കുടുംബത്തിനും ലഭ്യമാക്കാൻ കഴിഞ്ഞതായി പ്രസിഡന്റ് അറിയിച്ചു. 99.11ശതമാനം പ്രവൃത്തി മുൻ സാമ്പത്തികവർഷത്തിൽ ആരംഭിക്കാൻ കഴിഞ്ഞു.
വ്യത്യസ്തമായ പദ്ധതികളുമായി കടമ്പനാട് ഗ്രാമപഞ്ചായത്ത്- പ്രിയങ്ക പ്രതാപ് (പ്രസിഡൻറ്, കടമ്പനാട് ഗ്രാമപഞ്ചായത്ത്)
അടൂര്‍: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആകെ 1,62,967 (104.9 ശതമാനം) തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചാണ് കടമ്പനാട് ഗ്രാമപഞ്ചായത്ത് മഹാത്മ പുരസ്കാരം നേടിയത്. വനിത-ബാല സൗഹൃദ ബാല പഞ്ചായത്ത് എന്ന ആശയം പ്രാവര്‍ത്തികമാക്കി തനതു പദ്ധതി നടപ്പിലാക്കി ശ്രദ്ധനേടാനും കടമ്പനാടിനു കഴിഞ്ഞു. ബാല ഗ്രാമസഭകള്‍ പൂര്‍ത്തീകരിച്ചു. ബാലസഭയില്‍ ബാലറ്റിലൂടെ 17 വാര്‍ഡിലും ബാലപഞ്ചായത്ത് പ്രതിനിധികളെ തെരഞ്ഞെടുത്തു. ഇനി ബാല പഞ്ചായത്തുകള്‍ രൂപവത്കരിച്ച് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. വര്‍ക്കിങ് ഗ്രൂപ്പുകളില്‍ ബാല പ്രതിനിധികളെയും പങ്കെടുപ്പിക്കും.
വനിത ഗ്രാമസഭ, വനിത ഗ്രാമപഞ്ചായത്ത് എന്നിവയിലും ഇത്തരം രീതി അനുവര്‍ത്തിക്കും. കടമ്പനാട് ചന്തയുടെ നവീകരണം 95 ശതമാനവും പൂര്‍ത്തിയായി. വനിതസൗഹൃദം പദ്ധതിയില്‍ വനിതകള്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കുന്ന തരത്തില്‍ കുടുംബശ്രീ, ഐ.സി.ഡി.സി മുഖേന അവസരം ഒരുക്കും. 18 വയസ്സ് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇഷ്ടമുള്ള തൊഴില്‍ മേഖ തെരഞ്ഞെടുക്കാം. കേരഗ്രാമം പദ്ധതിയും നെല്‍കൃഷി പദ്ധതിയും പ്രോത്സാഹിപ്പിക്കുന്ന വികസനമാണ് കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽ 2315 കുടുംബങ്ങള്‍ക്കാണ് തൊഴില്‍ നല്‍കിയത്. പ്രതീക്ഷിത തൊഴില്‍ ബജറ്റിന്റെ അടിസ്ഥാനത്തില്‍ 2757 സജീവ തൊഴില്‍ കാര്‍ഡുകളില്‍ 2315 (83.97 ശതമാനം) കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്കി. ആകെ 870 പട്ടികജാതി-വര്‍ഗ കുടുംബങ്ങളില്‍ 614 (70.57 ശതമാനം) കുടുംബങ്ങള്‍ക്കും തൊഴില്‍ നല്കി. 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കിയത് 859 (46.60 ശതമാനം) കുടുംബങ്ങളാണ്.
സ്വരാജ് പുരസ്കാരത്തിന്റെ തിളക്കത്തിൽ തുമ്പമൺ
തുമ്പമൺ: സ്വരാജ് പുരസ്കാര തിളക്കത്തിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത്. 2020-21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിലാണ് ജില്ലയിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്. ഏറ്റവും കൂടുതൽ വിദേശ മലയാളികളുള്ള ജനസംഖ്യ കുറഞ്ഞ തുമ്പമൺ പഞ്ചായത്തിന് 10 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. പദ്ധതി ചെലവിൽ 100 ശതമനം നേട്ടം കൈവരിച്ചത് പുരസ്കാരത്തിനായി പ്രത്യേകം പരിഗണിക്കപ്പെട്ടു. നികുതി പിരിവിലും പൂർണത കൈവരിക്കാനായി. ഗ്രാമസഭ യോഗങ്ങളും ധനകാര്യ സ്ഥിരം സമിതികളും കൃത്യമായി ചേർന്നതും നേട്ടമായി.
കുടുംബശ്രീയുടെ മികച്ച പ്രവർത്തനങ്ങളും ജനകീയ ഹോട്ടലും പുരസ്കാരത്തിന് പ്രത്യേകം പരിഗണിച്ചിരുന്നു. നേരത്തേ തന്നെ ഐ.എസ്.ഒ അംഗീകാരം നേടിയ പഞ്ചായത്തിൽ എല്ലാ സേവനങ്ങളും ഇപ്പോൾ ഓൺലൈനായാണ്. മാലിന്യശേഖരണം, സംസ്കരണ രംഗത്തെ മികവിന് ഒ.ഡി.എഫ് പദവിയും ലഭിച്ചിരുന്നു. കുറ്റമറ്റ രീതിയിലാണ് ഇവിടെ മാലിന്യശേഖരണവും സംസ്ക്കരണവും നടപ്പാക്കിവരുന്നത്. എല്ലാരംഗത്തും മികച്ച ഭരണനേട്ടങ്ങളാണ് പഞ്ചായത്തിലെ എടുത്തുപറയാനുള്ളത്.
പ്രവർത്തന മികവുമായി നെടുമ്പ്രം
തിരുവല്ല: തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തന മികവിനുള്ള പുരസ്കാരം സംസ്ഥാന തലത്തിലും ജില്ലതലത്തിലും നേടി നെടുമ്പ്രം പഞ്ചായത്ത്. സജീവ തൊഴിൽ കാർഡ് ലഭിച്ച കുടുംബങ്ങളിൽ 75.56 ശതമാനം കുടുംബങ്ങൾക്ക് പഞ്ചായത്ത് തൊഴിൽ ലഭ്യമാക്കി. പ്രതീക്ഷിത തൊഴിൽ ബജറ്റിന്റെ അടിസ്ഥാനത്തിൽ 138.306 ശതമാനം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു. ശരാശരി ഒരു കുടുംബത്തിന് 78.30 ശതമാനം തൊഴിൽ ദിനങ്ങൾ നേടിക്കൊടുത്തു. തൊഴിൽ കാർഡുള്ള എസ്.സി , എസ്.ടി കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായി 54.14 ശതമാനം കുടുംബങ്ങൾക്ക് തൊഴിൽ നൽകാനായി.
പഞ്ചായത്ത് പരിധിയിലെ ആകെ തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ അടിസ്ഥാനത്തിൽ 52.13 ശതമാനം കുടുംബങ്ങൾക്കും 100 തൊഴിൽ ദിനങ്ങൾ നൽകി. മുൻ സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പ്രവൃത്തികളിൽ 99.89 ശതമാനം പ്രവർത്തികളും പൂർത്തീകരിച്ചു.
അംഗൻവാടി കെട്ടിട നിർമാണം, എല്ലാ വാർഡുകളിലും ഹരിതകർമ സേനക്കുള്ള എം.സി.എഫ് നിർമാണം, ഗ്രാമീണ റോഡുകളുടെ നവീകരണം, കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള മണ്ണ്, ജല സംരക്ഷണ പ്രവൃത്തി എന്നിവ ഫലപ്രദമായി നടപ്പിലാക്കി. സുഭിക്ഷ കേരളം - ശുചിത്വകേരളം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ, ജീവിതോപാധിക്കായുള്ള വ്യക്തിഗത ആനുകൂല്യം എന്നീ മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തി പദ്ധതികൾ നടപ്പിലാക്കിയതാണ് നേട്ടം കരസ്ഥമാക്കാൻ ഇടയാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി പറഞ്ഞു.
പുരസ്കാര നിറവിൽ ഇരവിപേരൂർ
തിരുവല്ല: ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന് വീണ്ടും അംഗീകാരം. 2020 -21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിൽ സ്വരാജ് ട്രോഫി നേടി ജില്ലയിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തി.
സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്തുകളുടെ സേവനങ്ങളെല്ലാം ഓൺലൈനിലൂടെ ലഭ്യമാക്കുന്ന നൂതന പദ്ധതിയായ പി.ടു.പി നടപ്പിലാക്കിയ പഞ്ചായത്താണിത്. 2015ൽ പഞ്ചായത്തിന് ഐ.എസ്.ഒ 9001-2015സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. വയോജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യനിലക്കായുള്ള സായംപ്രഭ, ദേശീയ ഗുണനിലവാര സംവിധാനം നേടിയ കുടുംബ ആരോഗ്യകേന്ദ്രം, കുടുംബശ്രീ തൊഴിൽ സംരംഭങ്ങൾ(എൽ.ഇ.ഡി ബൾബ് നിർമാണം), കാർഷിക-ക്ഷീര ഉൽപാദന വർധന എന്നീ മേഖലകളിലും പഞ്ചായത്ത് നേട്ടം കരസ്തമാക്കി.
ഇരവിപേരൂർ സ്പോർട്സ് കൗൺസിൽ, സ്കൂൾ കുട്ടികൾക്ക് സോളാർ ലാമ്പ്, വിവിധ നീർച്ചാലുകളുടെ പുനരുജ്ജീവനം, ഹരിതകർമ സേവന പ്രവർത്തനങ്ങൾ, മികച്ച മാലിന്യ സംസ്കരണ പദ്ധതികൾ, കുടിവെള്ള പദ്ധതികൾ, ടേക് എ ബ്രേക്ക് എന്ന ടോയ്ലറ്റ് കോംപ്ലക്സ് , കോവിഡ് പ്രതിരോധന പ്രവർത്തനങ്ങൾ, ജനകീയ ഹോട്ടൽ, മികച്ച ഓഫിസ് ഇൻഫ്രാസ്ട്രക്ചർ സൗകര്യം, നികുതി പിരിവിലും പദ്ധതി നിർവഹണത്തിലും കൈവരിച്ച മെച്ചപ്പെട്ട നില എന്നിവ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവാർഡിന് പഞ്ചായത്ത് അർഹമായത്.
2,29,125 തൊഴില്‍ ദിനങ്ങള്‍; കാര്‍ഷിക, ആരോഗ്യ മേഖലകളിലും മുന്നിലെത്തി -വി.എസ്. ആശ (ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്)
അടൂര്‍: 2,29,125 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചാണ് ഏഴംകുളം ഗ്രാമപഞ്ചായത്ത് മഹാത്മ പുരസ്കാരം നേടിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമല്ല ഗ്രാമപഞ്ചായത്ത് മികവ് പുലര്‍ത്തുന്നത്. കാര്‍ഷിക, ആരോഗ്യ മേഖലകളിലും ഏഴംകുളം മുമ്പന്തിയിലാണ്. ഏഴംകുളം, ഏനാത്ത് വില്ലേജുകളിലും വിദ്യാലയങ്ങളിലും തുമ്പൂര്‍മൂഴി മാതൃകയില്‍ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിര്‍മിക്കും.
ജലജീവന്‍ മിഷന് പദ്ധതി പ്രകാരം 104 കോടി ചെലവാക്കി കുന്നത്തുമല കേന്ദ്രമാക്കി എല്ലാ വീട്ടുകാര്‍ക്കും കുടിവെള്ള കലക്ഷന്‍ നല്കുന്ന പദ്ധതി നടപ്പാക്കാന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഏഴംകുളത്തെ ഏഴു കുളത്തിലും കയര്‍ഭൂവസ്ത്രം വിരിച്ച് മത്സ്യകൃഷിയും അസോള കൃഷിയും നടപ്പാക്കി. പാതകളുടെ പണികള്‍ പൂര്‍ത്തിയാകുന്നു. 176 ഗുണഭോക്താക്കള്‍ക്ക ആറുമാസം പ്രായമുള്ള പോത്തുകുട്ടികളെ നല്കുന്ന പദ്ധതിയില്‍ 56 പോത്തുകുട്ടികളെ വിതരണം ചെയ്തു. രണ്ടാംഘട്ടത്തില്‍ വെള്ളിയാഴച് 60 എണ്ണം കൂടി വിതരണം ചെയ്യും. ഡയാലിസിസ് യൂനിറ്റ് തുടങ്ങുവാന്‍ തീരുമാനിച്ചു.
1372 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ലഭിച്ചു. 8,74,73,000 രൂപയാണ് ആകെ പദ്ധതി ചെലവ്. ശരാശരി 77 തൊഴില്‍ ദിനങ്ങളില്‍ 2944 കുടുംബങ്ങള്‍ ആകെ ജോലി ചെയ്തു. 6,78,21,000 രൂപ തൊഴിലാളികള്‍ക്ക് വേതനം ഇനത്തില്‍ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.