കലഞ്ഞൂർ: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച എല്ലാവര്ക്കും സമയബന്ധിതമായി നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ഇതിന് റവന്യൂ, കൃഷി മന്ത്രിമാർക്ക് കത്ത് നൽകിയതായും എം.എൽ.എ പറഞ്ഞു.
കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍, ഏനാദിമംഗലം, അരുവാപ്പുലം പഞ്ചായത്തുകളിെല നാശനഷ്ടവും മഴക്കെടുതിയും അവലോകനം ചെയ്യാനും ആശ്വാസം നല്‍കാനും കലഞ്ഞൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുപഞ്ചായത്തിൽ മാത്രമായി മുന്നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കൃഷി, വളര്‍ത്തുമൃഗങ്ങള്‍, വീട്ടുസാധനങ്ങള്‍ എന്നിവയും നശിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ഇതര പഞ്ചായത്തുകളിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്.
കലഞ്ഞൂർ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ആയുർവേദ ആശുപത്രി, കൃഷിഭവൻ, മൃഗാശുപത്രി ഉൾെപ്പടെയുള്ള നിരവധി സര്‍ക്കാര്‍ ഓഫിസുകളിലും വെള്ളം കയറി.
ധാരാളം രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാനും പൊതുജനങ്ങള്‍ക്ക് പിന്നീട് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ നടപടി സ്വീകരിക്കണം. കലഞ്ഞൂര്‍, ഏനാദിമംഗലം പഞ്ചായത്തുകളിലെ കിണറുകൾ ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കുന്ന പ്രവൃത്തി ശനിയാഴ്ചതന്നെ ആരംഭിക്കും. മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവർ എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവരുടെ അപേക്ഷ ഈ മാസം 30ന് മുമ്പ് സ്വീകരിച്ച് സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
ലഭിച്ച അപേക്ഷകരുടെ വിവരങ്ങൾ അതത് പഞ്ചായത്ത് ഓഫിസുകളിൽ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. വിട്ടുപോയവരുണ്ടെങ്കിൽ പരിശോധിച്ചു അപേക്ഷ നൽകാനുള്ള അവസരം ലഭ്യമാക്കും. എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് ജനകീയ രീതിയിലാകണം മഴക്കെടുതി കണക്കെടുപ്പ് പൂര്‍ത്തിയാക്കേണ്ടത്. സമഗ്ര ദുരന്തനിവാരണ പ്രവൃത്തികള്‍ക്ക് ഏകോപനം, നേതൃത്വം എന്നിവ നല്കാന് വകുപ്പുതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർ അതതു മൃഗാശുപത്രികളിൽ അപേക്ഷ നൽകണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
കർഷകർക്ക് ഉണ്ടായ നഷ്ടം സംബന്ധിച്ച് അതത് കൃഷിഓഫിസിൽ ഓൺലൈൻ അപേക്ഷ നൽകണം. പരമാവധി കർഷകർ വിള ഇൻഷുറൻസ് പരിരക്ഷ ഉപയോഗിക്കണമെന്ന് കൃഷി അസിസ്റ്റൻറ് ഡയറക്ടർ പറഞ്ഞു.
കെ.ഐ.പി കനാലുകൾക്കുണ്ടായ നാശനഷ്ടങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
തോടുകളുടെ വശങ്ങൾ സംരക്ഷിച്ച് വെള്ളം വീടുകളിൽ കയറാതിരിക്കാനുള്ള പ്രവർത്തനം നടത്തുമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. പാടം വണ്ടണി മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ട ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കാനുള്ള കരാർ എഗ്രിമെൻറ് വെെച്ചന്നും ഒരു മാസത്തിനകം നിർമാണം ആരംഭിക്കുമെന്നും പി.എം.ജി.എസ്.വൈ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വ്യാപാരികൾക്കുണ്ടായ നാശനഷ്ടം യോഗത്തിൽ വ്യാപാര സംഘടന നേതാക്കൾ ഉന്നയിച്ചു. സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. പുഷ്പവല്ലി, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജഗോപാലൻ നായർ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സുമേഷ്, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പി.എസ്. കോശി, കെ. ഐ.പി എക്സിക്യൂട്ടിവ് എൻജിനീയർ കെ.കെ. ടെസി മോൻ, പി.എം.ജി.എസ്.വൈ എക്സിക്യൂട്ടിവ് എൻജിനീയർ ആർ. മായ, ആയുർവേദ ഡി.എം.ഒ ഡോ. ശ്രീകുമാർ, ജില്ല മൃഗ സംരക്ഷണ ഓഫിസർ ഡോ. കെ. അജിലാസ്റ്റ്, കൃഷി അസി. ഡയറക്ടർ റോഷൻ ജോർജ്, കോന്നി തഹസിൽദാർ കെ. ശ്രീകുമാർ, അടൂർ തഹസിൽദാർ ജോൺ സാം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.