ഭക്ഷ്യവിഷബാധ: ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കണം -ഡി.എം.ഒ

പത്തനംതിട്ട: ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി. മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ, ജലമോ കാരണമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്.

ഭക്ഷണപാനീയ വില്‍പനശാലകള്‍ അംഗീകൃത ലൈസന്‍സോടുകൂടി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ആഹാര പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളും തൊഴിലാളികളും ആറു മാസത്തിലൊരിക്കല്‍ പരിശോധന നടത്തി കാര്‍ഡുകള്‍ കൈവശം സൂക്ഷിക്കണം. പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ല.

സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന ജലം സമയാസമയങ്ങളില്‍ ലാബ് പരിശോധനക്ക് വിധേയമാക്കി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. പാചകം ചെയ്ത ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം. പാചകം ചെയ്ത ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. കല്യാണം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്ഡ്രിങ്കുകളില്‍ ഐസ് ഉപയോഗം കഴിവതും ഒഴിവാക്കുക. ഐസ് ഉപയോഗിക്കുന്നപക്ഷം ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പാക്കണം.

നിർദേശങ്ങൾ

സ്ഥാപനത്തിന്റെ ശുചിത്വം ഉറപ്പുവരുത്തുക

ഈച്ച, കൊതുക് തുടങ്ങിയ രോഗവാഹക ജീവികളുടെ അസാന്നിധ്യം ഉറപ്പാക്കുക

ശാസ്ത്രീയമായ ഖര, ദ്രവ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക

ഭക്ഷണ വിതരണ ശാലകളില്‍ മാസ്‌ക്, ക്യാപ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക

സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന മത്സ്യ-മാംസാദികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുക

അഞ്ചുമിനിറ്റ് നേരമെങ്കിലും തിളപ്പിച്ചാറിയ ജലം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക

തിളപ്പിച്ച ജലത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്.

ഹോട്ടലുകളിൽ മിന്നൽ പരിശോധന

പത്തനംതിട്ട: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ന്യൂഗ്രീൻലാൻഡ്, എസ് ടുഫുഡ് കോർട്ട് എന്നിവിടങ്ങളിൽനിന്ന് പഴകിയ ബീഫ്, മീൻകറി എന്നിവ പിടിച്ചെടുത്തു. തപസ്യയിൽനിന്ന് പഴകിയ എണ്ണ, അങ്കിൾസിൽനിന്ന് കാലാവധി കഴിഞ്ഞ കടലമാവ് എന്നിവ പിടിച്ചെടുത്തു.

ഇശാൻ കോൾഡ് സ്റ്റോറേജിൽനിന്ന് 34 കിലോ പഴകിയ ഇറച്ചിയും പിടികൂടി. മാതാ ചിക്കൻ സെന്‍ററിൽനിന്നും 3.5 കിലോ പഴകിയ ബീഫ് പിടിച്ചെടുത്തു. ഓപറേഷൻ സേഫ് റ്റൂ ഈറ്റിന്‍റെ ഭാഗമായിരുന്നു മിന്നൽ പരിശോധന.

Tags:    
News Summary - Food poisoning: Ensure hygiene and quality -DMO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.