പത്തനംതിട്ട: രണ്ട് ദിവസമായി വേനൽമഴ ശക്തമായ ജില്ലയിൽ തോടുകളിലും നീർച്ചാലുകളിലും നദികളിലും ജലനിരപ്പ് ഉയരുന്നു. അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്ന ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും കിഴക്കൻ മലയോരത്തും ജനങ്ങൾ ആശങ്കയിലാണ്. മഴ തുടർന്നാൽ വെള്ളപ്പൊക്ക- ഉരുൾപൊട്ടൽ ഭീഷണി മലയോര ജില്ലയായ പത്തനംതിട്ടയിൽ സമീപ വർഷങ്ങളിലുണ്ട്. പത്തനംതിട്ട നഗരത്തിൽ മഴ ഇടവിട്ടാണ് പെയ്യുന്നത്. ഇതിനിടെ മണിമല ആറ്റിൽ മല്ലപ്പള്ളി പുറമറ്റം വെണ്ണിക്കുളം പാലത്തിനു സമീപത്ത് കോമളം കടവിൽ കുളിക്കാനിറങ്ങിയ തൊഴിലാളിയായ ബീഹാർ സ്വദേശി നരേഷിനെ (25) കാണാതായി. കല്ലൂപ്പാറയിലുള്ള ഇഷ്ടിക കമ്പനി തൊഴിലാളിയാണ്. തിങ്കളാഴ്ച വൈകുന്നേരം നാലിന് മൂന്നുപേർ ആറ്റിൽ കുളിക്കുന്നതിനിടയിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. ഒരാൾ നീന്തി രക്ഷപ്പെട്ടു. നരേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു. പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സ്കൂബാ ടീം, തഹസിൽദാർ, കോയിപ്രം പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ വീണ്ടും തെരച്ചിൽ ആരംഭിക്കും. രണ്ട് ദിവസമായി കാര്യമായ അനിഷ്ട സംഭവങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി തകരാറുകൾ ധാരാളം റിപ്പോർട്ട് ചെയ്തു.
ജില്ലയിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയായ പുനലൂർ- മൂവാറ്റുപുഴ പാതയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് കോന്നി, റാന്നി പ്രദേശങ്ങളിൽ വാഹന അപകടങ്ങൾ നടന്നു. ദമ്പതികളായ രണ്ട് പേർക്ക് പരിക്കേറ്റു. തുടർച്ചയായ രണ്ടാംദിവസവും ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സീതത്തോട്, ആങ്ങമൂഴി, മൂഴിയാർ മേഖലകളിൽ ശക്തമായ മഴ ലഭിച്ചത്. മണിക്കൂറുകൾ നീണ്ടുനിന്ന മഴയ്ക്കിടെ പലയിടത്തും മലവെള്ളപ്പാച്ചിൽ ഭീതിപരത്തി. ഇവിടെ കൈത്തോടുകളിലും നീർച്ചാലുകളിലും കുത്തൊഴിക്കാണ് അനുഭവപ്പെട്ടത്. ശബരിമല വനപ്രദേശത്ത് മഴ ശക്തമായതിനാൽ ശബരിഗിരി ജല വൈദ്യുതി സംഭരണികളിലേക്ക് നീരൊഴുക്ക് വർധിച്ചു. ജില്ലയിലെ പമ്പ, അച്ചൻകോവിൽ, മണിമല, കക്കാട്ട് നദികളിൽ ജലനിരപ്പ് വർധിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.