പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ വലിയ മെത്രാപ്പോലീത്ത സ്ഥാനം നല്കി ആദരിച്ച കുര്യാക്കോസ് മാര്‍ ക്ലീമിസിനെ ഞായറാഴ്ച തുമ്പമണ്‍ ഭദ്രാസനം ആദരിക്കും. 14 വര്‍ഷം തുമ്പമണ്‍ ഭദ്രാസനാധിപനായി സേവനം ചെയ്ത മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത കഴിഞ്ഞ ആഗസ്റ്റില്‍ സ്ഥാനത്യാഗം ചെയ്തിരുന്നു. സെപ്റ്റംബര്‍ 27നാണ് സഭ അദ്ദേഹത്തെ വലിയ മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചത്.
1939 ജൂലൈ 26ന് കോയിപ്രം നെല്ലിക്കല്‍ വടക്കേല്‍ പെരുമേത്തുമണ്ണില് പി.കെ. മത്തായി - ശോശാമ്മ ദമ്പതികളുടെ മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം എംഡി സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. 1957 മേയ് 13 ന് ശെമ്മാശപട്ടവും 1965 മാര്‍ച്ച് 15 ന് വഞ്ചിത്ര മാര്‍ ബസഹാനനിയ പള്ളിയില്‍ ദാനിയേല്‍ മാര്‍ പീലക്സിനോസ് വൈദികപട്ടവും സ്വീകരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലും കോളജിലും അധ്യാപകനായിരുന്നു.
1989 ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് യോഗം മെത്രാന് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനേ തുടര്‍ന്ന് 1990 മാര്‍ച്ച് 31 പരുമല സെമിനാരിയില്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവയില്‍ നിന്ന് റമ്പാന് പട്ടവും 1991 ഏപ്രില്‍ 30ന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവയില്‍ നിന്ന് കുര്യാക്കോസ് മാര്‍ ക്ലീമിസ് എന്ന പേരില്‍ മെത്രാപ്പോലീത്ത സ്ഥാനവും സ്വീകരിച്ചു.
1991 മുതല്‍ 2009 വരെ സുല്‍ത്താന്‍ ബത്തേരിയിലും 2009 മുതല്‍ 2023 ആഗസ്റ്റ് വരെ തുമ്പമണ്‍ ഭദ്രാസനത്തിലും മെത്രാപ്പോലീത്തയായി. സഭയുടെ വിവിധ ചുമതലകള്‍ ഇക്കാലയളവില്‍ നിര്‍വഹിച്ചു. ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തേ തുടര്‍ന്ന് സഭയുടെ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റായും മലങ്കര അസോസിയേഷന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു.
ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ ബാവയെ മലങ്കര മെത്രാപ്പോലീത്ത സ്ഥാനത്തും പൗരസ്ത്യ കാതോലിക്കയുമായി അവരോധിക്കുന്നതില്‍ മുഖ്യകാര്‍മികത്വം വഹിച്ചതും കുര്യാക്കോസ് മാര്‍ ക്ലീമിസാണ്. ഇന്ന് ഉച്ചക്ക് രണ്ടിന് കൈപ്പട്ടൂര്‍ സെന്റ് ഗ്രീഗോറിയോസ് സ്കൂള്‍ അങ്കണത്തില്‍ നിന്ന് സമ്മേളന നഗറായ കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് പാരിഷ് ഹാളിലേക്ക് സ്വീകരണ ഘോഷയാത്ര നടക്കും.
തുടര്‍ന്നു നടക്കുന്ന സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോര്‍ജ് മുഖ്യസന്ദേശം നല്‍കും.
ബസ് ട്രാവലറുകള്‍ എന്നിവയില്‍ ഓമല്ലൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ കൈപ്പട്ടൂര്‍ ജങ്ഷനില്‍ ആളെ ഇറക്കണം. വലിയ ബസുകള്‍ പ്രധാന റോഡിന്റെ വശങ്ങളിലും ട്രാവലറുകളും കാറുകളും പള്ളിക്ക് പടിഞ്ഞാറ് റോഡിനു സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലും നിർത്തിയിടണം.
കോന്നി - വള്ളിക്കോട് വായനശാല റൂട്ടിലെത്തുന്നവര് കൈപ്പട്ടൂര്‍ മാര്‍ത്തോമ്മ പള്ളിയുടെ മുമ്പിൽ ആളുകളെ ഇറക്കി ഇടത്തോട്ട് തിരിഞ്ഞ് കൈപ്പട്ടൂര്‍ - അടൂര്‍ - തട്ട റോഡിന്റെ വശങ്ങളില് പാര്‍ക്ക് ചെയ്യണം. തുമ്പമണ്‍ നരിയപുരം ഭാഗത്ത് നിന്ന് കാര്‍, ജീപ്പില്‍ വരുന്നവര്‍ ജംഗ്ഷന് മുമ്പ് ആളുകളെ ഇറക്കി റോഡിന് ഇരു വശങ്ങളില് വീടുകളുടെ മുറ്റത്ത് പാര്‍ക്ക് ചെയ്യണം. ഹാളിന്റെ മുൻവശം പാര്‍ക്കിംഗ് അനുവദിക്കില്ല. ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിംഗിന് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.