പത്തനംതിട്ട: പിതാവിനെ മർദിച്ച സംഭവത്തിൽ കേസെടുത്തില്ലെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തതിനു പിന്നാലെ മകനെ അറസ്റ്റ് ചെയ്ത് പെരുമ്പെട്ടി പൊലീസ്. ക്രൂര മർദനത്തിന് ഇരയായ കൊറ്റനാട് തീയ്യാടിക്കലിൽ പെരുന്നല്ലൂർ സാമുവൽ (പാപ്പച്ചൻ -76) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സാമുവലിന്റെ ബന്ധു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മകൻ ജോൺസണെ (40) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് ഭക്ഷണം ചോദിച്ചെത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന മകൻ കമ്പുകൊണ്ട് അതിക്രൂരമായി മർദിച്ചെന്ന് അയൽവാസികൾ പറയുന്നു.
ജോൺസന്റെ വീടിനോട് ചേർന്ന ബന്ധുവീട്ടിലായിരുന്നു സാമുവൽ താമസിച്ചിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പെരുമ്പെട്ടി പൊലീസ് എത്തിയാണ് സാമുവലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മർദനത്തിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തിട്ടില്ലെന്ന് പരാതി ഉയർന്നു.
രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പെരുമ്പെട്ടി പൊലീസ് പറയുന്നത്. ജോൺസണെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചിരുന്നു. ആശുപത്രിയിൽ കഴിയുന്ന സാമുവലും പരാതി നൽകാൻ തയാറായില്ല. ദ്യശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുക്കുകയായിരുന്നു. പൊലീസ് കേസെടുത്തില്ലെന്ന ആരോപണം അന്വേഷിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി പത്തനംതിട്ട ജില്ല പൊലീസ് മേധാവി വി. അജിതിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.