പത്തനംതിട്ട: സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിങ് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ്. ജനങ്ങൾക്ക് ഉപകാരപ്രദമായ വിവരങ്ങൾ എല്ലാം വകുപ്പ് വെബ്സൈറ്റിൽ ലഭ്യമാക്കും. പത്തനംതിട്ടയിൽ സജ്ജമാക്കുന്ന അത്യാധുനിക ജില്ല ഭക്ഷ്യ പരിശോധന ലാബിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഫുഡ് സേഫ് ലോക്കൽ ബോഡി എന്ന പദ്ധതി സംസ്ഥാനത്തെ 140 പഞ്ചായത്തിൽ നടത്തിവരുകയാണ്. അവ എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കും. ഭക്ഷ്യ പരിശോധന സംവിധാനങ്ങൾ വിപുലമാക്കുകയാണ് സർക്കാർ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. രജിസ്ട്രേഷൻ ഇല്ലാതെ നടത്തുന്ന കടകൾക്ക് ലൈസൻസ് എടുക്കാനുള്ള അവസരം വകുപ്പ് ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട ടൗണിനടുത്ത് അണ്ണായിപ്പാറയിലെ 11 സെന്റ് വസ്തുവിലാണ് ലാബ് സജ്ജമാക്കുന്നത്. നിർമാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കും. 3.1 കോടി രൂപ ചെലവിൽ മൂന്നു നിലകളിലായാണ് അത്യാധുനിക ഭക്ഷ്യ പരിശോധന ലാബ് സ്ഥാപിക്കുന്നത്. അത്യാധുനിക ഹൈ എൻഡ് ഉപകരണങ്ങളാണ് ഭക്ഷ്യ പരിശോധന ലാബിൽ സജ്ജമാക്കുന്നത്. വിവിധ സൂക്ഷ്മാണു പരിശോധനകൾ, കീടനാശിനി പരിശോധനകൾ, മൈക്കോടോക്സിൻ തുടങ്ങിയ അത്യാധുനിക പരിശോധന സംവിധാനങ്ങളും ഇവിടെ ഉണ്ടാകും.
ശബരിമല ഉൾപ്പെടുന്ന ജില്ലയിലെ ലബോറട്ടറി പൂർണസജ്ജമായി കഴിഞ്ഞാൽ കുടിവെള്ളത്തിന്റെയും ഭക്ഷണ പദാർഥങ്ങളുടെയും പരിശോധന ഇവിടെത്തന്നെ കാര്യക്ഷമമായി നടത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ജെറി അലക്സ്, ഭക്ഷ്യസുരക്ഷ കമീഷണർ വി.ആർ. വിനോദ്, പി.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ഇന്‍-ചാര്‍ജ് പി. മഞ്ജുദേവി, വിവിധ കക്ഷിനേതാക്കളായ അലക്സ് കണ്ണമല, മാത്യു മരോട്ടിമൂട്ടിൽ, വിക്ടര്‍ ടി. തോമസ്, രാജു നെടുവംപുറം, ബി. ഹരിദാസ്, ബി. ഷാഹുൽ ഹമീദ്, നിസാര്‍ നൂർമഹല്‍, എം. മുഹമ്മദ് സാലി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.