പത്തനംതിട്ട: വള്ളിക്കോട്-കോട്ടയത്ത് പരിസ്ഥിതി ദുർബലമേഖലയിൽ വീണ്ടും അനധികൃത പാറഖനനം നടത്താൻ നീക്കം. അനുമതിയില്ലാതെയും നിയന്ത്രണ അളവിൽ കൂടുതൽ പാറഖനനവും മണ്ണെടുപ്പും നടത്തിയതിന് റവന്യൂ, ജിയോളജി വകുപ്പുകൾ കോടികൾ പിഴയിടുകയും ഹൈകോടതി ഉത്തരവ് പ്രകാരം പാരിസ്ഥിതിക അനുമതിയും ഖനനാനുമതിയും റദ്ദുചെയ്യുകയും ചെയ്ത സ്ഥലത്താണ് വീണ്ടും ഖനനത്തിന് ശ്രമിക്കുന്നത്. ക്വാറി തുറക്കണമെന്ന് ആവശ്യപ്പെട്ട് വള്ളിക്കോട് കോട്ടയം മുപ്രമൺ ജങ്ഷനിൽ വെള്ളിയാഴ്ച സംയുക്ത ട്രേഡ് യൂനിയൻ നേത്യത്വത്തിൽ യോഗവും സംഘടിപ്പിക്കുന്നുണ്ട്. സി.പി.എം നേതാവ് രാജു എബ്രഹാമാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്. 1992ൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും രണ്ടുപേർ മരണപ്പെടുകയും ചെയ്ത മേഖലയാണിത്. കനത്ത മഴ സമയത്ത് ഈ മേഖലയിൽ താമസിക്കുന്നവർ ഭീതിയോടെയാണ് കഴിയുന്നത്. അപകടമുണ്ടായാൽ തുടിയുരുളിപ്പാറയുടെ താഴ്വരയിലുള്ള എൻ.എസ്.എസ് ഹൈസ്കൂളും ഗവ.എൽ.പി.എസും അംഗൻവാടിയിലെ നൂറുകണക്കിന് കുടുംബങ്ങളും ഭൂമുഖത്തു നിന്ന് തുടച്ചുനീക്കപ്പെടുക തന്നെ ചെയ്യും. വയനാട് ദുരന്തത്തിന്റെ ആവർത്തനം ഇവിടെയും ഉണ്ടാകുമോയെന്ന ഭീതിയിലാണ് ജനങ്ങൾ. പാറമടയുടെ പ്രവര്‍ത്തനം പലപ്പോഴും ജനങ്ങളെ ഭീതിപ്പെടുത്തി.
ഭീഷണിയായതോടെ പലരും സ്ഥലമൊഴിഞ്ഞ് വാടകവീടുകളില്‍ അഭയംതേടി. ചില രാഷ്ട്ട്രീയ പാർട്ടി നേതാക്കൾ പാറമട തുറന്ന് പ്രവർത്തിക്കാൻ ഒത്താശ ചെയ്യുന്നുണ്ട്. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തിയും പ്രദേശവാസികൾക്കെതിരെ തെറ്റായ ആരോപണം പ്രചരിപ്പിച്ചും വ്യാജരേഖകൾ ചമച്ചും വീണ്ടും അനധികൃത ഖനനം നടത്താൻ ശ്രമിക്കുകയാണന്ന് നാട്ടുകാർ പറഞ്ഞു. ക്വാറി പ്രവർത്തിക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് വള്ളിക്കോട് കോട്ടയം ഗ്രാമ രക്ഷാ സമിതി ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പരിസ്ഥിതി വകുപ്പ് അന്വഷണം നടത്തി സ്ഥലത്തെ അനധികൃത ഖനനവും മണ്ണെടുപ്പും പരിസ്ഥിതി നാശവും തിട്ടപ്പെടുത്തി നടപടികൾ സ്വീകരിക്കണമെന്നും ഗ്രാമരക്ഷ സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.