കൊടുമൺ: ഏഴംകുളം -കൈപ്പട്ടൂർ റോഡിൽ കൊടുമണ്ണിലെ റോഡ് പുറമ്പോക്ക് അളവ് പൂർത്തിയായി. പുറമ്പോക്ക് ഇല്ലെന്ന അവകാശവാദവുമായി കോൺഗ്രസും മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫും രംഗത്തെത്തി.
ഇദ്ദേഹത്തിന്റെ കെട്ടിടത്തിന് മുന്നിൽ ഓടയുടെ അലൈൻമെന്റ് മാറ്റിയതിനെ തുടർന്നാണ് വിവാദമുയർന്നതും ഈ ഭാഗത്തെ ഓടപണികൾ തടസ്സപ്പെട്ടതും. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നിൽ റോഡിനോട് ചേർന്ന് പുറമ്പാക്ക് കൈയേറിയിയെന്നായിരുന്നു ജോർജ് ജോസഫിന്റെയും സി.പി.എമ്മിന്റെയും പരാതി.
ഇതേതുടർന്നാണ് റോഡിന്റെ ഇരുവശങ്ങളും അളക്കണമെന്നതും കോൺഗ്രസ് ഓഫിസ് ഉൾപ്പെടെയുള്ള ഭാഗത്ത് കൈയേറ്റം നടന്നതായുമുള്ള പരാതി കലക്ടർക്ക് ലഭിക്കുന്നത്. പരാതികളെ തുടർന്ന് കഴിഞ്ഞ 26 നാണ് അളവ് തുടങ്ങിയത്. റവന്യു വിഭാഗം വാഴവിള പാലം മുതൽ കൊടുമൺ പഴയ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് അളന്ന് കല്ലിട്ടിട്ടുണ്ട്.
ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകുന്ന മുറക്ക് പുറമ്പോക്ക് സംബന്ധിച്ച് കലക്ടർ അന്തിമ തീരുമാനം അറിയിക്കും. ചൊവ്വാഴ്ച ഉദ്യോഗസ്ഥരുടെ അളവ് കഴിഞ്ഞപ്പോൾ കോൺഗ്രസും ഡി.വൈ.എഫ്.ഐയും സ്ഥലത്ത് ആഹ്ലാദ പ്രകടനം നടത്തി. ഇതിനിടെ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് നിന്ന വീണ ജോർജിന്റെ ഭർത്താവിന് ലഡു നൽകാൻ ശ്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തട്ടിക്കളയുകയും ഉന്തുംതള്ളും നടക്കുകയും ചെയ്തു. ഇതേതുടർന്നുണ്ടായ വാക്കേറ്റം നേരിയ സംഘർഷത്തിന് ഇടയാക്കി.
അതേസമയം, കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നിൽ പുറമ്പോക്ക് കൈയേറിയിട്ടുണ്ടെന്നും വീണ്ടും അളക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. ഇതിന് സമീപത്തായി തോടിനോട് ചേർന്ന് അവർ കൊടിയും നാട്ടി.
തന്റെ സ്ഥലത്ത് പുറമ്പോക്ക് ഇല്ലന്ന് നേരത്തെ തെളിഞ്ഞതാണെന്നും റോഡിന് കൂടുതൽ സ്ഥലം വിട്ടുനൽകിയിട്ടുണ്ടെന്നും ജോർജ് ജോസഫ് പറഞ്ഞു. പ്രതിഷേധങ്ങൾക്കിടെ ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിൽ തർക്കത്തിലുണ്ടായിരുന്ന ഓടയുടെ പണി പൂർത്തിയാകാറായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.