കോന്നി: പ്രകൃതിയെ അതിയായി സ്നേഹിച്ച അധ്യാപക കുടുംബം തങ്ങളുടെ വീട്ടുവളപ്പ് കാടാക്കി. വീടിനിട്ട പേര് പ്രകൃതി. കോന്നി വെട്ടൂർ കുമ്പുകാട്ട് വീട്ടിൽ പൊന്നമ്മയുടെ മകനും കാർത്തികപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കലാധ്യാപകനായ പ്രിൻസ് എബ്രഹാമും ഭാര്യ കോന്നി താവളപ്പിറ കോളജിലെ അധ്യാപികയായ സോണിയയുമാണ് ഇതിനു പിന്നിൽ.
അഞ്ച് സെന്റ് ഭൂമിയിലെ വീടിനുചുറ്റും ചെടികളും ഫലവൃക്ഷങ്ങളും കൊണ്ട് നിറച്ചിരിക്കുകയാണ്. വീടിനു ചുറ്റും മുകളിലുമായി ചെടികൾ വളർന്നു നില്ക്കുന്നതിനാൽ ചൂടിന്റെ കാഠിന്യം ഏൽക്കുന്നില്ല.
പ്രവേശന കവാടത്തിലേക്ക് നോക്കിയാൽ ആദ്യം ശ്രദ്ധിക്കുന്നത് തടിയിൽ തീർത്ത ബോർഡാണ് അതിൽ പ്രിൻസിന്റെ പേരും വീട്ടുപേരായ പ്രകൃതിയും ആലേഖനം ചെയ്തിരിക്കുന്നു. അതിനോട് ചേർന്ന് മതിലിൽ മുഴുവൻ കർട്ടൻ പ്ലാന്റ്, പടർന്നുകിടക്കുന്ന ഐ.വി കാക്സലോ, വള്ളിമുള എന്നിവകൊണ്ടാണ് പ്രവേശന കവാടം ഒരുക്കിയിരിക്കുന്നത്. കയറിവരുന്ന നടപ്പാതയുടെ ഇരുവശത്തും മുകളിലെ ഏറുമാടത്തിലുമായി ചെടികൾകൊണ്ട് തണൽ പാകി. അകത്തേക്ക് കടന്നാൽ സന്ദർശക മുറിയിൽ എട്ട് ഇനത്തിലുള്ള മണി പ്ലാന്റുകൾ, പെന്നിവേർട്ട്, ടർട്ടിൽവെൻ, വിവിധയിനത്തിലുള്ള ലില്ലിപ്പൂക്കൾ കൂടാതെ ചെറിയ വെളിച്ചത്തിലും ഓക്സിജൻ നൽകുന്ന നിരവധി ചെടികൾ, അകത്തെ മുറിയിൽനിന്ന് മുകളിലേക്ക് പോകുന്ന കോണിപ്പടികളിലും മുകളിലെ ഏറുമാടത്തിലുമെല്ലാം ചെടികൾ കൊണ്ടൊരു വസന്തം തീർത്തിരിക്കുകയാണ്.
പ്രിൻസിന്റെ മക്കളായ സെറാഫിന്നും എബ്രയിമും ഒഴിവുസമയങ്ങളിൽ ചെടികളെ പരിപാലിക്കാനാണ് സമയം കണ്ടെത്തുന്നത്. മൂന്നുവർഷങ്ങൾക്ക് മുമ്പ് മാനസിക സംഘർഷം ഒഴിവാക്കാൻ ഗാർഡൻ തെറപ്പി എന്ന ആശയം മനസ്സിൽ ഉദിച്ചപ്പോഴാണ് അധ്യാപക കുടുംബം ഇത്തരമൊരു പ്രവൃത്തിയിലേക്ക് തിരിഞ്ഞത്. 950 സ്ക്വയർ ഫീറ്റുള്ള വീടിന്റെ അടുക്കളയിലും കിടപ്പുമുറിയിലുമാണ് ചെടികളുടെ സാന്നിധ്യം ഇല്ലാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.