കോന്നി: എട്ടുവർഷം മുമ്പ് കോടികൾ മുടക്കി നിർമിച്ച കൊക്കേത്തോട് പാലത്തിൽ രൂപപ്പെട്ട വലിയ വിള്ളൽ ഭീഷണിയാകുന്നു. വയക്കര ഭാഗത്തുനിന്ന് പാലത്തിലേക്ക് വരുന്ന സമാന്തര റോഡാണ് പാലവുമായി വലിയതോതിൽ അകലുന്നത്.
അരുവാപുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട് പാലത്തിന്റെ അപ്രോച് റോഡിനും പാലത്തിനും ഇടയിലുള്ള അകലം വർധിച്ചത് അപകടക്കെണിയാകുന്നു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട് പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിന് അച്ചൻകോവിൽ നദിക്ക് കുറുകെ മൂന്ന് കോടി മുടക്കിയാണ് പാലം നിർമാണം പൂർത്തീകരിച്ചത്.
2005ൽ തറക്കല്ലിട്ട പാലം നിർമാണം 2008ൽ പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. എന്നാൽ, പാലവും അപ്രോച് റോഡും തമ്മിലുള്ള അകലം വർധിച്ചതാണ് ഇപ്പോൾ അപകടക്കെണിയാകുന്നത്. ഇരുചക്ര വാഹനങ്ങളുടെ അടക്കം ടയറുകൾ ഇതിനുള്ളിൽ കുടുങ്ങി അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.
എന്നാൽ, പൊതുമരാമത്ത് പാലം വിഭാഗം ഈ വിടവ് നികത്താനായി ആറു ലക്ഷം രൂപക്കുള്ള എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ഇത് അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും അധികൃതർ പറയുന്നു. പാലവും അപ്രോച് റോഡും തമ്മിലെ അകലം വർധിക്കുന്നത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമായി തീരുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. പാലത്തിന് ബലക്ഷയം വന്നാൽ മലയോര മേഖലയായ കൊക്കാത്തോട് പ്രദേശം ഒറ്റപ്പെട്ട് പോകുമെന്നും ഭാരം കയറ്റിയ വാഹനങ്ങൾ പോകുമ്പോൾ പാലത്തിന് വിറയൽ അനുഭവപ്പെടുന്നുണ്ടെന്നും പറയുന്നു.
കൊക്കാത്തോട് പ്രദേശത്തുനിന്ന് തടി കയറ്റിയ ലോറികൾ ഉൾപ്പെടെ ഈ പാലത്തിൽ കൂടി കടന്നുപോകുന്നുണ്ട്. പാലത്തിന്റെ അകൽച്ച എത്രയും വേഗം പരിഹരിക്കണമെന്നും ആവശ്യമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.