കോന്നി: ഗവിയിലെ ആംബുലൻസ് കട്ടപ്പുറത്തായിട്ട് അഞ്ച് വർഷമാകുന്നു. കട്ടപ്പുറത്തായ ആംബുലൻസ് അറ്റകുറ്റപ്പണി നടത്താനോ, പുതിയത് വാങ്ങാനോ അധികാരികൾ തയാറാകാത്തതുമൂലം ആശുപത്രി ആവശ്യങ്ങൾക്ക് വലിയ നിരക്ക് കൊടുത്ത് സ്വകാര്യ വാഹനങ്ങൾ വിളിക്കേണ്ട ഗതികേടിലാണ് കോവിഡ് കാലത്തും ഗവി നിവാസികൾ.
ഫ്രാൻസിസ് ജോർജ് എം.പിയായിരുന്ന കാലത്താണ് ഗവി ഇക്കോ െഡവലപ്മെൻറ് കമ്മിറ്റിക്കായി ആംബുലൻസ് വാങ്ങിനൽകിയത്. ഗവി നിവാസികൾക്ക് ആശുപത്രി ആവശ്യങ്ങൾക്കായി പത്തനംതിട്ടയിലോ-കോട്ടയത്തോ, വണ്ടിപ്പെരിയാറിനെയോ ആണ് ആശ്രയിക്കുന്നത്. ഗവിയിൽനിന്ന് ഈ സ്ഥലങ്ങളിൽ എത്തിച്ചേരണമെങ്കിൽ സാഹസിക യാത്രചെയ്യാൻ ഉപയോഗിക്കുന്ന ജീപ്പുകൾ പിടിച്ചാണ് നാട്ടുകാർ ഇൗ സ്ഥലങ്ങളിൽ എത്തുന്നത്.
ഈ അവസ്ഥക്ക് മാറ്റം വരുത്താനായി വാങ്ങിയ ആംബുലൻസ് 2014വരെ കുട്ടികളെയും കൊണ്ട് സ്കൂൾ ഓട്ടംനടത്തിയത് വിവാദമായിരുന്നു. ആംബുലൻസ് കൃത്യമായി അറ്റകുറ്റപ്പണി നടത്താത് മൂലം മിക്ക ഓട്ടത്തിനിടയിലും വഴിയിൽ കിടക്കുന്നത് നിത്യസംഭവമാവുകയും ഒരുതവണ ഹൃദയാഘാതമുണ്ടായ രോഗിയേയും കൊണ്ടുപോയ ആംബുലൻസ് ബ്രേക്ക് ഡൗണായി വഴിയിൽ കിടന്ന് രോഗി ആംബുലൻസിൽ കിടന്ന് മരണപ്പെടുകയും ചെയ്തു.
2016ൽ അപകടത്തിൽപ്പെട്ട ആംബുലൻസ് അന്ന് കട്ടപ്പുറത്തായതാണ്. ലോകസഞ്ചാര ഭൂപടത്തിലെ പ്രധാന കേന്ദ്രമായ ഗവിയിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ആങ്ങമൂഴി മുതൽ വണ്ടിപ്പെരിയാർ വരെ ഉൾവനത്തിൽ കൂടിയുള്ള യാത്രകളിൽ സഞ്ചാരികൾക്ക് എന്തെങ്കിലും സംഭവിച്ചാലും ഗവി നിവാസികൾക്ക് ആശുപത്രി ആവശ്യങ്ങൾക്കായിട്ടും അത്യാധുനിക സജ്ജീകരണത്തോടെയുള്ള ആംബുലൻസ് അടിയന്തരമായി എത്തിക്കണമെന്ന് ആവശ്യം ശക്തമാണ്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ സ്ഥാനാർഥികൾ ഗവിയിലെത്തുമ്പോൾ കഴിഞ്ഞ 10 വർഷത്തിലധികമായി നൽകുന്ന പ്രഖ്യാപനമാണ് പുതിയ ആംബുലൻസ് എന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.