കൂടൽ: യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരൂട്ടുകാല രോഹിണി നിവാസിൽ ശ്രീജിത്താണ് (28) പിടിയിലായത്. ഇയാൾ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പും അന്വേഷണത്തിൽ തെളിഞ്ഞു.
നവംബർ ആറിനാണ് കൂടൽ സ്വദേശി ലക്ഷ്മി അശോകിനെ (23) വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച കൂടൽ പൊലീസിന്, സാമ്പത്തിക ഇടപാടുകൾ മരണത്തിനു കാരണമായിട്ടുണ്ടെന്ന് തുടക്കത്തിൽതന്നെ സംശയം തോന്നിയിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചതിനെ തുടർന്നാണ് ശ്രീജിത്തും ലക്ഷ്മിയും നടത്തിയ സാമ്പത്തിക ഇടപാടുകൾ ബോധ്യപ്പെട്ടത്.
ഇൻസ്റ്റാഗ്രാമിൽ മിഥുൻ കൃഷ്ണ എന്ന വ്യാജ പേരിലുള്ള അക്കൗണ്ടിലൂടെയാണ് ശ്രീജിത് പെൺകുട്ടിയുമായി പരിചയത്തിലായത്. എസ്.ഐ ട്രെയിനിയാണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ലക്ഷ്മിയിൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. സ്വർണം വിറ്റും കടം വാങ്ങിയും പലപ്പോഴായി യുവതി മൂന്നുലക്ഷം രൂപ ഇയാൾക്ക് നൽകി. ബാങ്ക് ഇടപാടിലൂടെയാണ് പണം കൊടുത്തത്.
പണം കിട്ടിയശേഷം ഇയാൾ മൊബൈൽ ഫോൺ ഓഫാക്കി. ഇതിന്റെ മനോവിഷമത്താലാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പണം തട്ടിയശേഷം മൊബൈൽ ഓഫാക്കിയും സിമ്മുകൾ മാറിയും ഇയാൾ മുങ്ങുന്നതാണ് പതിവെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഹോം സ്റ്റേകളിൽ താമസിക്കുമ്പോൾ അവിടങ്ങളിലെ ജീവനക്കാരുമായി പരിചയത്തിലാവുകയും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പിനിരകളാവുന്നവരിൽനിന്നും പണം കൈമാറി എടുക്കുകയും ചെയ്യും.
ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണം ഹോം സ്റ്റേകളിലേക്കെത്തുകയും തുടർന്ന് ഇയാളെ കണ്ടെത്തുകയുമായിരുന്നു. കോട്ടയത്തെ ഒരു ഹോട്ടലിൽനിന്നും ഇയാളെ ചൊവ്വാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തു. കൂടൽ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിന് ഇരയായ രണ്ട് പെൺകുട്ടികളുടെ പരാതികൾ കൂടൽ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ബാങ്ക്, സമൂഹമാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചുവരുകയാണ് പൊലീസ്. കൂടൽ പൊലീസ് ഇൻസ്പെക്ടർ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഷെമിമോൾ, എ.എസ്.ഐ ജയശ്രീ, സി.പി.ഒമാരായ വിൻസെന്റ്, സുനിൽ, ഷാജഹാൻ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.