കോന്നി: കൊച്ചുകണ്ണെൻറ കൊച്ചു കുസൃതിത്തരങ്ങൾ ഇനി കോന്നിയിൽ. ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ചെക്ക്പോസ്റ്റിന് സമീപം ജനവാസമേഖലയിൽ കൂട്ടംതെറ്റി കണ്ടെത്തിയ കുട്ടിക്കൊമ്പനെ കോന്നി ആനത്താവളത്തിൽ എത്തിച്ചു. വ്യാഴാഴ്ച രാവിലെ അേഞ്ചാടെ റാന്നി വനം ഡിവിഷനിലെ കൊച്ചുകോയിക്കലിൽനിന്ന് പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് കുട്ടിക്കൊമ്പനെ ആനത്താവളത്തിൽ എത്തിച്ചത്. ഗ്രൂഡിക്കൽ റേഞ്ച് ഓഫിസർ എസ്. മണി, കൊച്ചുകോയിക്കൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനക്കുട്ടിയെ കോന്നിയിൽ എത്തിച്ചത്.
കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ, കോന്നി റേഞ്ച് ഓഫിസർ ജോജി ജയിംസ്, ഫോറസറ്റ് വെറ്ററിനറി ഡോക്ടർ ശ്യാം ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആനക്കുട്ടിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ആനത്താവളത്തിൽ ഒരുക്കിയിരുന്നു. കോന്നി ഇക്കോടൂറിസം സെൻററിലെ പേപ്പർ നിർമാണ യൂനിറ്റിനുസമീപം മുളകൊണ്ട് വേലികെട്ടിയാണ് ആനക്കുട്ടിക്ക് സംരക്ഷണമൊരുക്കിയിരിക്കുന്നത്. പിന്നീട് ഇതിനെ ആനക്കൂട്ടിലേക്ക് മാറ്റാനാണ് തീരുമാനമെന്നും കോന്നി ഡി.എഫ്.ഒ പറഞ്ഞു.
കുട്ടിക്കൊമ്പന് കണ്ണനെന്നാണ് പേര് നൽകിയിരിക്കുന്നതെങ്കിലും ഔദ്യോഗിക നാമകരണ പിന്നീടുണ്ടാകും. ലാക്ടോജനും പാൽപൊടിയും ചേർന്ന ദ്രവരൂപത്തിലുള്ള ആഹാരമാണ് ആനക്കുട്ടിക്ക് നൽകുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ ഉത്തരവ് പ്രകാരമാണ് ഇതിനെ കോന്നിയിലേക്ക് എത്തിച്ചിരിക്കുന്നത്. കുട്ടിക്കൊമ്പെൻറ ആരോഗ്യ സ്ഥിതിയും പരിപാലനവും വിലയിരുത്താൻ കൊല്ലം സി.സി.എഫ് സഞ്ജയ്കുമാറിെൻറ നേതൃത്ത്വത്തിൽ കോന്നി, റാന്നി ഡി.എഫ്.ഒമാർ കൊച്ചുകോയിക്കൽ സ്റ്റേഷനിൽ എത്തിയിരുന്നു. ആങ്ങമൂഴിയിൽ ആഗസ്റ്റ് 19ന് കൂട്ടംപിരിഞ്ഞ് കണ്ടെത്തിയ കുട്ടിക്കൊമ്പനെ കാടുകയറ്റി വിടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വനമേഖലയിൽ പ്രത്യേക കൂടൊരുക്കി അധികൃതർ കാത്തിരുന്നു. ആനക്കൂട്ടത്തിന് പൊളിച്ചുമാറ്റാവുന്ന രീതിയിലാണ് കൂട് സജ്ജമാക്കിയിരുന്നത്. എന്നാൽ, ശ്രമം വിഫലമായതിനെത്തുടർന്നാണ് ഇതിനെ വലിയകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയത്. പിന്നീട് കോന്നിയിലേക്ക് കൊണ്ടുവരാൻ ധാരണയാവുകയായിരുന്നു. കുട്ടിക്കൊമ്പൻകൂടി എത്തിയതോടെ ആറ് ആനകളുമായി കോന്നി ആനത്താവളം വീണ്ടും സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.