കോന്നി: വടക്കേ മണ്ണീറ ആദിവാസി കോളനിയിലേക്കുള്ള പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ല. തോടിനു മറുകരയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് ഇക്കരെ എത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് വനസംരക്ഷണ സമിതി നേതൃത്വത്തിലാണ് പാലം സ്ഥാപിച്ചത്.
എന്നാൽ, പാലം സ്ഥാപിച്ചശേഷം അറ്റകുറ്റപ്പണി നടത്താതെ വന്നതിനാൽ ഇരുമ്പു പാലം തുരുമ്പിച്ച് നാശാവസ്ഥയിലായി. കൈകൾകൊണ്ട് പാലത്തിലെ തുരുമ്പ് പിടിച്ച ഭാഗങ്ങൾ അടർത്തി എടുക്കാവുന്ന സ്ഥിതിയാണ് ഇപ്പോൾ. കുഴിത്തുരുമ്പ് വീണ് പാലത്തിന്റെ ചവിട്ടുപടികളും ഇളകിമാറി. പാലത്തിൽ കയറുന്ന ആൾ അപകടത്തിൽപെടുന്നതിന് സാധ്യത ഏറെയാണ്. തോട്ടിലൂടെയുള്ള ശക്തമായ ഒഴുക്കിനെ തുടർന്ന് പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചിരിക്കുന്നതിന്റെ അടിഭാഗത്തെ കല്ലും മണ്ണും ഒഴുകി പോയിട്ടുമുണ്ട്.
കോളനി സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് വാഹനം എത്താത്തതിനാൽ പാലത്തിലൂടെ നടന്ന് പ്രധാന റോഡിൽ എത്തിയെങ്കിൽ മാത്രമേ കോളനിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കൂ. സ്കൂളിൽ പോകുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെ ഈ പാലത്തിലൂടെ വേണം സഞ്ചരിക്കാൻ. മറുകര കടക്കുന്നതിന് കോളനിയിലെ കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പാലം. മഴ ശക്തമായാൽ കോളനിയിലെ ജനങ്ങൾ കൂടുതൽ വലയും. നടപ്പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചെങ്കിൽ മാത്രമേ കോളനിവാസികളുടെ ദുരിതത്തിന് പരിഹാരമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.