കോന്നി: അട്ടച്ചാക്കൽ കുമ്പളാം പൊയ്ക റോഡിൽ കാടുപിടിച്ച് മാലിന്യക്കൂമ്പാരമായിരുന്ന സ്ഥലം ആരെയും ആകർഷിക്കുന്ന തരത്തിൽ വിശ്രമകേന്ദ്രമാക്കിയതിൽ ചങ്ക് ബ്രദേഴ്സ് എന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പങ്ക് ചെറുതല്ല. ചെങ്ങറ റേഷൻകട പടിക്കും അമ്പലം ജങ്ഷനും ഇടയിലുള്ള വ്യൂ പോയന്റിലെ റോഡരുകിലാണ് യുവാക്കൾ വിശ്രമസ്ഥലമൊരുക്കിയത്. ചെമ്മാനി എസ്റ്റേറ്റിലെ കൈതച്ചക്ക തോട്ടത്തിലെ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാവുന്ന വിധത്തിലാണ് വ്യൂ പോയന്റ് ഒരുക്കിയിരിക്കുന്നത്. ആറുമാസമെടുത്തു ഈ ചെറുപ്പക്കാരുടെ ദൗത്യം പൂർത്തിയാക്കാൻ.
ഐ ലവ് ചെങ്ങറ എന്ന വലിയ എഴുത്തും ആളുകളെ ആകർഷിക്കുന്നുണ്ട്. ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിലുള്ള കുടിലും കണയുടെ ഇലകൾകൊണ്ട് നിർമിച്ച മറ്റൊരു കുടിലും മുളകൊണ്ട് നിർമിച്ച ഓപൺ എയർ ഇരിപ്പടവും നാട്ടുകാർക്കും സഞ്ചാരികൾക്കും കൗതുകമായി മാറുകയാണ്. വ്യൂ പോയന്റിലെ കുടിലുകളിൽനിന്ന് നോക്കിയാൽ ചെമ്മാനി എസ്റ്റേറ്റിലെ കൈതച്ചക്ക തോട്ടങ്ങൾക്കപ്പുറം കോന്നി വനം ഡിവിഷനിലെ വനമേഖലകളും വിദൂരതയിൽ കാണാം. ഊട്ടിയെയും മൂന്നാറിനെയും അനുസ്മരിപ്പിക്കുന്നതാണ് ഇവിടുത്തെ കോടമഞ്ഞ് പെയ്യുന്ന മലനിരകളുടെ കാഴ്ചകൾ. ഇവിടെ വിളയുന്ന കൈതച്ചക്ക ഗൾഫ് കൂടാതെ യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു. എപ്പോഴും മയിലുകളെയും കാണാം. മലമടക്കുകളിലെ ചെറുതോടുകൾ അച്ചൻകോവിലാറിന്റെ കൈവഴികളാണ്. മലമുകളിലെ ഈർപ്പം കിനിയുന്ന പാറകളിൽ വിവിധതരം ചെടികളും ഔഷധ സസ്യങ്ങളും വളരുന്നു. യുട്യൂബ് ചാനലുകൾ ചിത്രീകരിക്കുന്നവർക്കും വിവാഹ ആൽബങ്ങൾ ചിത്രീകരിക്കുന്നവരുടെയും ഇഷ്ടലൊക്കേഷനായി മാറുകയാണ് പ്രദേശം. പ്രകൃതിദത്ത വസ്തുക്കളായ മുള, ഓല, കണയുടെ ഇല, പുല്ല് എന്നിവ ഉപയോഗിച്ചാണ് നിർമാണം. കുടിലിനുള്ളിൻ റാന്തൽ വിളക്കുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.