വി​ക്ര​മ​ൻ​പി​ള്ള​യും ഭാ​ര്യ മ​ണി​യും വീ​ടി​ന് മു​ന്നി​ൽ

ദമ്പതികളുടെ നിശ്ചയദാർഢ്യം; സ്വപ്നഭവനത്തിന്‍റെ ഗൃഹപ്രവേശം ഇന്ന്

കോന്നി: കലഞ്ഞൂരിലെ സ്വപ്ന ഭവനത്തിന്‍റെ ഗൃഹപ്രവേശം ഇന്ന്. കഠിനാധ്വാനത്തിനും കഷ്ടപ്പാടിനും ഫലമുണ്ടായതിന്‍റെ സംതൃപ്തിയിലാണ് കലഞ്ഞൂർ പഞ്ചായത്തിലെ 13ാം വാർഡിലെ കഞ്ചോട് മണിഭവനത്തിൽ വിക്രമൻപിള്ളയും ഭാര്യ മണിയും. സ്വന്തമായി ഭൂമി ഇല്ലാതിരുന്നിട്ടും ഇവർ നടത്തിയ പോരാട്ടത്തിന്‍റെയും അധ്വാനത്തിന്‍റെയും ബാക്കിപത്രമാണ് മക്കളില്ലാത്ത ഇവർ ആറ് മാസം കൊണ്ട് സ്വന്തമായുണ്ടാക്കിയ വീട്. ഗൃഹപ്രവേശം വെള്ളിയാഴ്ച രാവിലെ 9.30നും 9.45നും മധ്യേ നടക്കും.

ലൈഫ് പദ്ധതിയിൽ ഭൂരഹിത ഭവനരഹിതർക്ക് വസ്തു വാങ്ങി വീട് വെക്കാൻ അനുവദിച്ച തുക കൊണ്ടും തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് കിട്ടിയ കൂലി കൊണ്ടും പലരും നൽകിയ പണവും ഉപയോഗിച്ചാണ് വീട് നിർമാണം.

വസ്തുവിന് രണ്ടുലക്ഷം രൂപയും വീടിന് നാലുലക്ഷം രൂപയുമാണ് പദ്ധതിയിൽ അനുവദിച്ചത്. വസ്തുവിന് അധികം ചെലവായ ഒന്നേകാൽ ലക്ഷം രൂപക്കുവേണ്ടി മണിക്ക് മാല വിൽക്കേണ്ടി വന്നു. നാലുലക്ഷം കൊണ്ട് വീട് പൂർത്തിയാകില്ലെന്ന തിരിച്ചറിവിലാണ് 66കാരനായ വിക്രമൻ പിള്ളയും 58 വയസ്സുള്ള ഭാര്യ മണിയും ചേർന്ന് വീട് പണിയാനിറങ്ങിയത്.

രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും വരാന്തയുമുള്ള 420 ച.അടി വീട് ഇവർ ആറുമാസംകൊണ്ടാണ് പൂർത്തിയാക്കിയത്. നാലുദിവസം കൊണ്ടാണ് മേൽക്കൂരയുടെ വാർപ്പ് പൂർത്തിയാക്കിയത്. നിർമാണ സാമഗ്രികൾ ഉയരത്തിൽ എത്തിക്കാൻ തടി ഏണിയിൽ കപ്പി കെട്ടി സംവിധാനം ഒരുക്കി. 40 വർഷം മേസ്തിരിപ്പണി ചെയ്തതിന്‍റെ അനുഭവമാണ് നിർമാണം ഒറ്റക്ക് ഏറ്റെടുക്കാൻ വിക്രമൻപിള്ളക്ക് ധൈര്യം നൽകിയത്. തൊഴിലുറപ്പ് ജോലിയിലെ അനുഭവം മാത്രമുള്ള മണി ഭർത്താവിന് പിൻബലമായി നിന്നു. കലഞ്ഞൂരിലെ വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. 

Tags:    
News Summary - couple determination; house warming of the dream house today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.