കോന്നി: വെട്ടൂരിൽ കാറിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ മർദനമേറ്റ പാടുകളോടെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയവർ മർദിച്ചശേഷം തൃശൂരിൽ ഇറക്കിവിടുകയായിരുന്നു. അടുത്ത പൊലീസ് സ്റ്റേഷനിൽ അഭയംതേടിയ യുവാവിനെ, പത്തനംതിട്ടയിൽനിന്ന് പൊലീസ് പോയി കൂട്ടിക്കൊണ്ടുവന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ മർദനമേറ്റിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം സ്ഥിരീകരിച്ചു.
വെട്ടൂരിലെ ഹോളോബ്രിക്സ് കമ്പനി ഉടമയും ആയിരവില്ലൻ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റുമായ ബാബുക്കുട്ടൻ എന്ന ചാങ്ങയിൽ വീട്ടിൽ അജേഷിനെ(40) കഴിഞ്ഞദിവസം വീട്ടിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്. വീട്ടുകാർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മലയാലപ്പുഴ സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ജില്ലയിലെ പൊലീസ് സംഘം ഊർജിത അന്വേഷണം നടത്തി.
സംഭവത്തിനുപിന്നിൽ ഡൽഹിയിൽ വ്യവസായം നടത്തുന്ന വെട്ടൂർ സ്വദേശിയാണെന്നാണ് വിവരം. വ്യവസായിയെ സംബന്ധിക്കുന്ന വിഡിയോ അജേഷിന്റെ കൈവശമുണ്ടെന്നും ഇത് തിരികെനൽകാതിരുന്നതിനാണ് അജേഷിനെ തട്ടിക്കൊണ്ടുപോയതെന്നുമാണ് ലഭിക്കുന്ന വിവരം.
എന്നാൽ, ഇയാളിൽനിന്ന് മൊബൈൽ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിനുപിന്നിൽ വെട്ടൂർ സ്വദേശിയായ ഡൽഹി വ്യവസായിയുടെ മരുമകനും ഗോവയിൽ മദ്യക്കമ്പനി ഉടമയുമായ ആളാണെന്ന് പറയപ്പെടുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന
പത്തനംതിട്ട: യുവാവിനെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമെന്ന് സൂചന. യുവാവുമായി അടുപ്പമുണ്ടായിരുന്ന അയൽവാസികളായ ബിസിനസ് കുടുംബമാണ് തട്ടിക്കൊണ്ടുപോകാനുള്ള ക്വട്ടേഷൻ നൽകിയതെന്നും ആരോപണമുണ്ട്. ഡൽഹിയിലും ഗോവയിലും മഹാരാഷ്ട്രയിലും ബിസിനസ് നടത്തുന്നവരാണ് ഇവർ. യുവാവിനെ തട്ടിക്കൊണ്ടുപോയ മലപ്പുറം രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ ആരുടേതെന്ന് കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവരിൽനിന്ന് യുവാവിന്റെ മാതാവിന്റെ ഫോണിലേക്ക് മെസേജുകളുമെത്തി. യുവാവിന്റെ ഫോണിലെ ഒരു വിഡിയോ വേണമെന്നാണ് മെസേജിലെ ആവശ്യം.
സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താത്തത് പ്രതികൾക്കുള്ള ഉന്നതബന്ധം പൊലീസിനെ സമ്മർദത്തിലാക്കുന്നത് മൂലമാണെന്നും സംശയിക്കുന്നുണ്ട്. പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന്റെ മേൽനോട്ടത്തിൽ മലയാലപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. അജേഷിന് മർദനമേറ്റിരുന്നു. നെറ്റിയിലും കണ്ണിന്റെ വശങ്ങളിലും മർദനത്തെ തുടർന്ന് മുഴച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടുപോയവർ തന്നെ വാഹനത്തിലിട്ട് മർദിച്ചെന്നും അവർ ആരാെണന്ന് അറിയില്ലെന്നും അജേഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.