കോന്നി: കരിയാട്ടം ടൂറിസം എക്സ്പോയുടെ ഭാഗമായി കോന്നിയുടെ നീലാകാശത്ത് വിസ്മയ കാഴ്ചകൾ കണ്ട് തുമ്പിയെപ്പോലെ വട്ടമിട്ട് പറക്കാനുള്ള അവസരവും. കോന്നി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽനിന്നും ഈമാസം 30 മുതൽ സെപ്റ്റംബർ ഒന്ന് വരെ നടത്തുന്ന ഹെലികോപ്ടർ യാത്രയിലൂടെ മലയോര നാടിന്റെ പറക്കാനുള്ള മോഹത്തെയാണ് സംഘാടകർ പൂവണിയിക്കുന്നത്. ഉയരത്തിൽ പറക്കുക എന്ന ആഗ്രഹം സഫലീകരിക്കുന്നതിനൊപ്പം ഒരിക്കലെങ്കിലും ആകാശയാത്ര ചെയ്യണമെന്ന മോഹവും ഹെലികോപ്ടർ യാത്രയിലൂടെ സഫലീകരിക്കപ്പെടും. ഒരേ സമയം അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ആധുനിക ഹെലികോപ്ടറുകളാണ് കോന്നിയിൽ എത്തുന്നത്. സുരക്ഷയും മെച്ചപ്പെട്ട യാത്രയും ഹെലികോപ്ടർ കമ്പനിയും സംഘാടകരും ഉറപ്പ് നൽകുന്നുണ്ട്.
ആദ്യം ബുക്ക് ചെയ്യുന്ന നൂറുപേർക്ക് 2999 രൂപയും തുടർന്നുള്ളതിന് 3999 രൂപയുമാണ് നിരക്ക്. കുറഞ്ഞ ചെലവിൽ ഉയരങ്ങളിൽ പറന്ന് ആകാശ കാഴ്ചയും കാനന വിസ്മയങ്ങളും കണ്ടറിയാനുമുള്ള സാധാരണക്കാരന്റെ ആഗ്രഹമാണ് ഹെലികോപ്ടർ റൈഡിലൂടെ സാധ്യമാക്കുന്നതെന്ന് മുഖ്യ സംഘാടകൻ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ യാത്ര ചെയ്യാവുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലിപാഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.