കോന്നി: കോന്നി-തണ്ണിത്തോട് റോഡിലെ പേരുവാലി വനഭാഗങ്ങളില്‍ യാത്രക്കാര്‍ക്ക് കൗതുകമുണര്‍ത്തുകയാണ് ഇഞ്ചവെട്ട് സംഘങ്ങള്‍. പുതുതലമുറ സ്നാനത്തിനായി വിലയേറിയ സോപ്പുകളും ഷാംപൂകളും ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ പഴയ തലമുറക്ക് പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഇഞ്ചയായിരുന്നു സ്നാനത്തിനുള്ള ഷാംപുവും സോപ്പുമെല്ലാം. ആദിവാസി വിഭാഗത്തില്‍ പെട്ട ജനവിഭാഗമാണ് വനത്തിനുള്ളില്‍നിന്നും ലഭിക്കുന്ന ഇഞ്ച വിപണിയില്‍ എത്തിക്കുന്നത്. ഇഞ്ചതല്ലിയിളക്കുന്ന ജോലികള്‍ കാണുന്നത് സഞ്ചാരികള്‍ക്ക് കൗതുകമാണ്.
തണ്ണിത്തോട് മൂഴി ഇലവുങ്കല്‍ കോളനിയില്‍ താമസിക്കുന്ന ശശിക്കും ഭാര്യ ഓമനയ്ക്കും ഒരു നേരത്തേ അന്നത്തിനുള്ള വകയാണ് ഇഞ്ചശേഖരണം. നാല്പത് വര്‍ഷമായി ശശി ഈ ജോലി തുടങ്ങിയിട്ട്. നിശ്ചിത നീളത്തില്‍ മുറിച്ച് വെട്ടുകത്തിയുടെ മൂര്‍ച്ചയില്ലാത്ത ഭാഗം ഉപയോഗിച്ച് തല്ലിയെടുക്കുന്ന ഇഞ്ചകള് ഉണക്കി വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു കെട്ടിന് നൂറ് രൂപയാണ് വില. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് പോകുന്ന യാത്രക്കാര്‍ ഉള്‍പ്പെടെ കോന്നി തണ്ണിത്തോട് റോഡില്‍ യാത്ര ചെയ്യുന്നവരാണ് ഇവരില്‍നിന്നും ഇഞ്ച വാങ്ങുന്നത്.
റോഡരികില്‍ നിന്ന് തന്നെ ഇഞ്ച പരുവപ്പെടുത്തുന്നതിനാല്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും സൗകര്യ പ്രദമാണ്. വടക്കന്‍ കേരളത്തില്‍ ചെടങ്ങ എന്നും സംസ്കൃതത്തില്‍ നികുഞ്ചിക എന്നും അറിയപ്പെടുന്നു. ത്വഗ്രോഗങ്ങൾക്ക് ഇഞ്ചതേച്ചുള്ള കുളി നല്ലതാണെന്ന് ആയുർവേദ വിധികളിൽ പറയുന്നുണ്ട്. വെളുത്ത ഇഞ്ച, പാലിഞ്ച തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഇഞ്ചയുടെ സീസണ്. ഉണങ്ങിയ ഇഞ്ച കത്തിക്കുമ്പോഴുണ്ടാകുന്ന പുക കൊതുക് നശീകരണത്തിനും ഉത്തമമാണ്. ഇഞ്ചയുടെ തൊലി, പൂക്കള്‍ തുടങ്ങിയവയ്ക്കാണ് ഔഷധ ഗുണമേറെയും. ജനിച്ച് മാസങ്ങള്‍ പ്രായമുള്ള കുട്ടികളെ കുളിപ്പിക്കുന്നതിനും പഴമക്കാര്‍ ഇഞ്ചയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന്റെ മൃദുവായ ഭാഗം സ്നാനത്തിനും പരുപരുത്ത ഭാഗം പാത്രം കഴുകുന്നതിനും ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.