കോന്നി: ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന്‍റെ ചരിത്രം ഓർമപ്പെടുത്തുന്നതാണ് കോന്നി ബംഗ്ലാവ് കുന്നിൽ തലയുയർത്തി നിൽക്കുന്ന കോന്നി ഫോറസ്റ്റ് ഇൻസ്‌പെക്ഷൻ ബംഗ്ലാവ്. 200 വർഷത്തിലധികം പഴക്കംവരുന്ന ബംഗ്ലാവ് 3.07 ഹെക്ടർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്.
ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ടി.എഫ്. ബോർഡിലിയോണാണ് കോന്നിയിൽ ബംഗ്ലാവ് സ്ഥാപിച്ചത്. കോന്നിയിലെ തേക്ക് തടി വ്യാപാരവുമായി ബന്ധപ്പെട്ട ചരിത്രവും ഇതിനോട് ചേർന്നുകിടക്കുന്നു. ആദ്യകാലത്ത് പന്തളം രാജവംശത്തിനായിരുന്നു കോന്നിയിലെ തേക്ക് തടികളുടെ കച്ചവട മേൽനോട്ടം.
1796ൽ പന്തളം രാജവംശത്തിൽനിന്ന് പണയപ്രകാരം തിരുവിതാംകൂർ രാജാവിന്‍റെ അധീനതയിലായി. അക്കാലത്ത് അച്ചൻകോവിലാറ്റിലൂടെ ചങ്ങാടത്തിലാണ് തേക്ക് തടികൾ കൊണ്ടുവന്നിരുന്നത്. തുടർന്ന് 1720ൽ ബ്രിട്ടീഷ് മോഡലിൽ വനംവകുപ്പ് പുനഃസംഘടിപ്പിച്ചതോടെയാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കോന്നിയിലേക്ക് എത്തിത്തുടങ്ങിയത്. അന്ന് അച്ചൻകോവിലാറിലെ പഞ്ചായത്ത് കടവിൽ ചെക്ക്പോസ്റ്റ് നിർമിച്ച് തടി ഡിപ്പോ തുടങ്ങി. ആവശ്യക്കാർ തടികൾ വാങ്ങി ആലപ്പുഴ ഉൾപ്പെടെ സ്ഥലങ്ങളിൽ കൊണ്ടുപോയിരുന്നു.
ഇവിടെ എത്തുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് താമസിക്കാനാണ് ബംഗ്ലാവ് നിർമിച്ചത്. ഓരോ ദിവസവും തടി വിറ്റുകിട്ടുന്ന പണം തിട്ടപ്പെടുത്തി പണപ്പെട്ടിയിലേക്ക് മാറ്റിയിരുന്നു. ആ പണപ്പെട്ടിയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അന്ന് ഉപയോഗിച്ചിരുന്ന ചാരുകസേരയും ഇവിടെയുണ്ട്. വെട്ടുകല്ല് ഉപയോഗിച്ച് നിർമിച്ച ഭിത്തിയിൽ കുമ്മായംതേച്ച് ബലപ്പെടുത്തിയിരിക്കുന്നു. രണ്ടു മുറിയും അടുക്കളയും ഉണ്ട്. ബംഗ്ലാവിന് ചുറ്റുമുള്ള ഔഷധസസ്യ ഉദ്യാനവും ബംഗ്ലാവിന്‍റെ ഭംഗി വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.