കോന്നി: കോന്നി നിയോജകമണ്ഡലത്തിന്റെ ആസ്ഥാനമായ കോന്നി ഗ്രാമപഞ്ചായത്തിന് നഗരസമാനമായ വരുമാനമുണ്ട്. 18 വാർഡുകൾ ഉള്ള പഞ്ചായത്തിൽ ദീർഘവീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ ഒരു ഭരണസമിതിക്കും സാധിച്ചിട്ടില്ല. വലിയ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രകടനപത്രികയിൽ അക്കമിട്ട് നിരത്തുന്നതല്ലാതെ അധികാരത്തിൽ എത്തിയാൽ എല്ലാം മറന്നുപോകുന്ന ജനപ്രതിനിധികളെയാണ് കാണുന്നത്.
ഒരോ തെരഞ്ഞെടുപ്പുകളിലും മുന്നണികളുടെ പ്രകടനപത്രികയിൽ ഇടംപിടിച്ച മാസ്റ്റർ പ്ലാൻ ഇന്നും യാഥാർഥ്യമായിട്ടില്ല. മലഞ്ചരക്ക് വിപണനകേന്ദ്രമാണെങ്കിലും അവയുടെ ഉൽപാദന വളർച്ചക്ക് പദ്ധതികൾ ആവിഷ്കരിക്കുന്നില്ല.
ഇതുമൂലം മലഞ്ചരക്ക് വിപണി വർഷംതോറും തളരുകയാണ്. പ്രകടനപത്രികകളിൽ സ്ഥിരം ഇടംപിടിക്കുന്നതാണ് പൊതുശ്മശാനം. ഇതിനായി മുറവിളി തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. കോന്നി നാരായണപുരം മാർക്കറ്റിൽ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കിയെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കാത്തതുമൂലം മാലിന്യം കുമിഞ്ഞുകൂടുകയാണ്.
ഏറ്റവും തിരക്കുള്ള കോന്നിയിൽ പൊതുജനത്തിന് ഉപയോഗിക്കാനായി പൊതുശൗചാലയം ഇല്ല. കോന്നി നാരായണപുരം ചന്തയിൽ രണ്ടിലധികം ശൗചാലയങ്ങൾ ഉണ്ടെങ്കിലും ഒന്നും ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. പ്രകടനപത്രികകളിലെ പ്രധാന കാര്യമാണ് വഴിയോര കച്ചവടം ഒഴിപ്പിക്കൽ. അതിനായി ഒരോ ഭരണസമിതിയും രംഗത്തുവരാറുണ്ടെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ യു.ഡി.എഫ് ഭരണസമിതി ഇതിനായി രംഗത്തെത്തിയെങ്കിലും ട്രേഡ് യൂനിയൻ നേതാക്കൾ രംഗത്തെത്തിയതോടെ ആ നീക്കവും പൊളിഞ്ഞു.
കുടിവെള്ള പ്രശ്ന പരിഹാരത്തിനായി പദ്ധതികൾ പലതും ആസൂത്രണം ചെയ്തതെങ്കിലും ഒന്നും നടപ്പാക്കാൻ കാലാകാലങ്ങളിൽ ഭരിച്ചിരുന്ന ഭരണസമിതികൾക്ക് സാധിച്ചില്ല. വരുന്ന നാലു വർഷംകൊണ്ടെങ്കിലും പറയുന്ന വാഗ്ദാനങ്ങൾ എന്തെങ്കിലും നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം.
സമഗ്ര വികസന പദ്ധതികൾ നടപ്പാക്കുന്നു-സുലേഖ വി.നായർ (പ്രസിഡൻറ്്, കോന്നി ഗ്രാമപഞ്ചായത്ത്)
കോന്നിയുടെ വികസനത്തിനായി സമഗ്ര പദ്ധതികളാണ് നടപ്പാക്കിവരുന്നത്. പഞ്ചായത്തിന്റെ രണ്ട് ഏക്കർ 41സെൻറ് സ്ഥലം കെ.എസ്.ആർ.ടി.സിക്ക് നൽകി ഡിപ്പോ നിർമാണം തുടങ്ങാൻ സഹായിച്ചു.
പൊളിഞ്ഞുവീഴാറായ കോന്നി സബ് ട്രഷറി കെട്ടിടം പൊളിച്ചുമാറ്റി. പുതിയ വ്യാപാര സമുച്ചയത്തിന് തുടക്കംകുറിക്കുന്നതിനുവേണ്ടി വസ്തു സർവേ ചെയ്യുന്നതിന് അപേക്ഷ സമർപ്പിച്ചു. തുടർച്ചയായ രണ്ട് പ്രളയത്തിലും കോന്നി ഗ്രാമപഞ്ചായത്ത് പ്രളയബാധിത പ്രദേശങ്ങളിൽ എല്ലാസഹായവും ചെയ്തു.
ഏകദേശം 83 കിണറുകൾ ശുചിയാക്കി നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഗവ. നിർദേശം അനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും നടത്തി. സമ്പൂർണ മലേറിയ വിമുക്ത ഗ്രാമമായി മാറ്റി. രണ്ട് ലക്ഷം രൂപയുടെ വൈദ്യുതി വിളക്കുകൾ അറ്റകുറ്റപ്പണി നടത്തി. പ്രധാന റോഡിലെ ഗതാഗതക്കുരുക്ക് മാറ്റാൻ വെള്ളാട്ട് തോട്ടിലൂടെ ഗതാഗത സൗകര്യം ഒരുക്കാൻ സാധിച്ചു. കോന്നി ബൈപാസിന് രൂപം നൽകാൻ തീരുമാനിച്ചു. ടെൻഡർ നടപടി പൂർത്തീകരിക്കുന്ന മുറക്ക് 60 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വരും വർഷത്തിൽ 60 ലക്ഷം രൂപയുടെ ഓർഗാനിക് കംപോസ്റ്റ് മാനേജ്മെന്റ് നടപ്പിലാക്കാൻ തീരുമാനിച്ചു.
പുതിയ പദ്ധതികളില്ല-കെ.ജി. ഉദയകുമാർ (പ്രതിപക്ഷ നേതാവ്)
യു.ഡി.എഫ് നേതൃത്വം നൽകുന്ന കോന്നി പഞ്ചായത്ത് ഭരണസമിതി സമ്പൂർണ പരാജയമാണെന്നാണ് പ്രതിപക്ഷം. കാലാകാലങ്ങളിൽ ഓരോ ഭരണസമിതി വിഭാവനം ചെയ്ത പദ്ധതികളാണ് ഇപ്പോഴും നടപ്പാക്കുന്നത്. പുതുതായി ഒന്നും ആവിഷ്കരിച്ചിട്ടില്ല. ട്രഷറി കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും പുതിയ വ്യാപാര സമുച്ചയ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പേ നിർമാണം പൂർത്തീകരിക്കേണ്ട കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് ആവശ്യമായ സ്ഥലം വിട്ടുനൽകാൻ തടസ്സംനിന്നു.
പിന്നീട് കോന്നി എം.എൽ.എയുടെയും സർക്കാറിന്റെയും ശക്തമായ ഇടപെടൽ മൂലമാണ് ഇപ്പോൾ സ്ഥലം വിട്ടുനൽകിയത്. കോന്നി മത്സ്യ മാർക്കറ്റിൽ കച്ചവടം ചെയ്യാൻ വ്യാപാരികൾ തയാറാകാത്തതുമൂലം പഞ്ചായത്തിന് ഒരോ മാസവും പതിനായിരങ്ങളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പണി പൂർത്തീകരിച്ച ശുചിമുറി തുറന്നുകൊടുക്കാൻ സാധിച്ചിട്ടില്ല. കുടിവെള്ള പ്രശ്നത്തിനും മാലിന്യപ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ യു.ഡി.എഫ് ഭരണസമിതിക്ക് സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.