കോന്നി: കോന്നി ആനത്താവളത്തിലെ പ്രധാന ആകർഷണമായിരുന്ന കോന്നി സുരേന്ദ്രനെ തിരികെ എത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. 2018 ജൂണിലാണ് സുരേന്ദ്രനെ കുംകി പരിശീലനത്തിനായി തമിഴ്നാട് മുത്തുമലയിലെ ആന ക്യാമ്പിലേക്ക് കൊണ്ടുപോയത്. വനം വകുപ്പിെൻറ പാലക്കാട് ക്യാമ്പിലാണ് സുരേന്ദ്രൻ ഇപ്പോൾ.
കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മഴയെ തുടർന്ന് സുരേന്ദ്രനെ വയനാട് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ആനയുടെ സംരക്ഷണത്തിന് പാലക്കാട് ക്യാമ്പിനെക്കാൾ കോന്നിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതിനാലാണ് വനം വകുപ്പ് തീരുമാനം പുനഃപരിശോധിക്കുന്നത്. മുത്തങ്ങ ആന ക്യാമ്പിൽ പന്ത്രണ്ടോളം ആനകളാണുള്ളത്. കോന്നി ക്യാമ്പിൽ ആനകളുടെ എണ്ണം കുറവായതും തീരുമാനത്തിന് പിന്നിലുണ്ട്.
മുൻ വനം മന്ത്രി കെ.രാജു കോന്നി സുരേന്ദ്രനെ തിരികെ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കോന്നിയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ സൂചന നൽകിയിരുന്നു. കെ.യു. ജനീഷ്കുമാർ എം.എൽ.എ നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു.
നാട്ടിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്തിയോടിക്കുന്ന ജോലിയാണ് സുരേന്ദ്രന് ഇപ്പോഴുള്ളത്. 2018 ജൂണിലാണ് ആനയെ കോന്നി ആനത്താവളത്തിൽനിന്നും കുംകി പരിശീലത്തിനായി തമിഴ്നാട്ടിലെ മുത്തുമലയിലേക്ക് കൊണ്ടുപോയത്.
ആനപ്രേമികളുടെയും ജനപ്രതിനിധികളുടെയും ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു നീക്കം. അന്ന് ജനരോഷം ശക്തമായതിനെ തുടർന്ന് ലോറിയിൽ കയറ്റിയ ആനയെ തിരികെ ഇറക്കേണ്ടി വന്നു. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ കോടനാട് നീലകണ്ഠൻ എന്ന താപ്പാനയെ കോന്നി ആനത്താവളത്തിലേക്ക് കൊണ്ടുവന്നു. കോന്നിയിലേക്ക് സുരേന്ദ്രൻ എത്തുന്നതോടെ കോടനാട് നീലകണ്ഠൻ അടക്കം കുംകി പരിശീലനം ലഭിച്ച രണ്ട് ആനകൾ കോന്നി ആനത്താവളത്തിന് സ്വന്തമാകും. സുരേന്ദ്രെൻറ വരവ് കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ജില്ലയിലെ ആനപ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.