കോന്നി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം കോന്നിയിലെ യു.ഡി.എഫ് പ്രവർത്തകർക്ക് നൽകിയത് ഇരട്ടിമധുരം. ആന്റോ ആന്റണിയുടെ വിജയം ആഘോഷിച്ച പ്രവർത്തകർ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ അടൂർ പ്രകാശിന്റെ വിജയവും അതേപോലെ ആഘോഷിച്ചു. കോന്നിയിലെ ആഹ്ലാദപ്രകടനത്തിനുശേഷം പ്രവർത്തകർ അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ആറ്റിങ്ങലിലേക്ക് പോയിരുന്നു. ആന്റോ ആന്റണിക്ക് കോന്നി നിയോജക മണ്ഡലത്തിൽ 2579 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
കഴിഞ്ഞതവണ ആന്റോയുടെ ഭൂരിപക്ഷം കോന്നിയിൽ 2721 ആയിരുന്നു. ഇത്തവണ ആന്റോ ആന്റണി നിയോജകമണ്ഡലത്തിൽ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്നായിരുന്നു യു.ഡി.എഫ് പ്രവർത്തകരുടെ കണക്കുകൂട്ടൽ. എന്നാൽ കണക്കുകുട്ടൽ തെറ്റിച്ച് കോന്നിയിൽ യു.ഡി.എഫ് ലീഡ് കുത്തനെ ഇടിഞ്ഞു. കോന്നി മണ്ഡലത്തിൽ മൂവായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷമാണ് ആന്റോക്ക് ലഭിച്ചത്. മണ്ഡലത്തിലെ സീതത്തോട്, തണ്ണിത്തോട്, മലയാലപ്പുഴ, ഏനാദിമംഗലം പഞ്ചായത്തുകളിൽ ഇടതു മുന്നണി ലീഡ് നേടിയപ്പോൾ ബാക്കിയുള്ള പഞ്ചായത്തുകളിൽ മേൽകൈ ‘കൈ’ക്കായിരുന്നു. എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണിക്ക് 2019ൽ കെ. സുരേന്ദ്രന് ലഭിച്ച വോട്ടിനേക്കാൾ 12,000 വോട്ടുകൾ കോന്നിയിൽ കുറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ 400 വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ അത് 10,000ത്തിന് മുകളിലായി.1996 മുതൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയുണ്ടായിരുന്ന മണ്ഡലമാണിത്.
അടൂർ പ്രകാശ് 1996 മുതൽ അഞ്ചുതവണയാണ് കോന്നി നിയമസഭ നിയോജകമണ്ഡലത്തിൽ തുടർച്ചയായി വിജയിച്ചത്. നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച അടൂർ പ്രകാശ് 2006ലും 2011ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.