കോന്നി: ഓണത്തോടനുബന്ധിച്ച് കോന്നി നഗരത്തിലെ ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഗതാഗത ഉപദേശക കമ്മിറ്റി യോഗം ചേർന്നു. കോന്നിയിൽ ഓണത്തോട് അനുബന്ധിച്ച് കരിയാട്ടം അടക്കമുള്ള ഫെസ്റ്റുകളും ഓണത്തിരക്കും കണക്കിലെടുത്താണ് വിവിധ വകുപ്പുകളുടെ സാന്നിധ്യത്തിൽ യോഗംചേർന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ഗതാഗത ക്രമീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കും. ഓണത്തിരക്കിനോട് അനുബന്ധിച്ച് വിവിധ നിർദേശങ്ങൾ അടങ്ങുന്ന ശബ്ദരേഖ കോന്നി നഗരത്തിൽ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കും. കോന്നിയിൽ ഇത്തവണ കഴിഞ്ഞവർഷത്തെക്കാൾ കൂടുതൽ ആളുകൾ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കോന്നി നഗരത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് പരിമിതമായ പാർക്കിങ് സൗകര്യം. കോന്നിയിൽ ഫെസ്റ്റ് നടക്കുന്ന ഭാഗത്തുനിന്നും വാഹനങ്ങൾക്ക് അടിയന്തരമായി പുറത്തേക്ക് കടക്കാൻ ക്രമീകരണം ഒരുക്കണം.
പൊലീസ് സ്റ്റേഷൻ റോഡിൽ ബസുകൾ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് ക്രമീകരണം ഒരുക്കണം. കൂടാതെ ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്ങും കോന്നിയിൽ കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ഇതിനാൽ കോന്നി സെൻട്രൽ ജങ്ഷനിൽനിന്ന് നാല് റോഡുകളിലേക്കുമുള്ള 50 മീറ്റർ ദൂരത്ത് അനധികൃത പാർക്കിങ് കർശനമായി നിരോധിച്ച് ബോർഡുകൾ സ്ഥാപിക്കും. കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകൾ അലക്ഷ്യമായി ഓവർടേക്കിങ് ചെയ്യുന്നത് അപകടം വർധിപ്പിക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണം. കോന്നിയിൽ റോഡിന് ഇരുവശവുമുള്ള വാഹനങ്ങളിലെ മത്സ്യക്കച്ചവടം നിരോധിക്കണം. ഇത് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. കോന്നി ആനക്കൂട് റോഡിൽ അനധികൃത പാർക്കിങ് നിരോധിക്കണം. കൂടാതെ കോന്നി നഗരത്തിൽ അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി തമ്പടിക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നടപ്പാതകളിലേക്ക് കടകളുടെ ബോർഡുകൾ ഇറക്കി സ്ഥാപിച്ചിരിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി 14ന് രാവിലെ 11ന് ഈ വിഷയങ്ങൾ സംബന്ധിച്ച് യോഗം വിളിക്കാനും തീരുമാനമായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് റോജി എബ്രഹാം, പൊലീസ്, മോട്ടോർ വാഹനവകുപ്പ്, പി.ഡബ്ല്യു.ഡി, റവന്യൂ അധികൃതർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.