കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറയിലേക്ക് ബസ് സർവിസ് ആരംഭിച്ചു. തിങ്കളാഴ്ച മുതൽ കോന്നിയിൽനിന്ന് മണ്ണീറയിലേക്ക് സ്വകാര്യ ബസ് സർവിസ് തുടങ്ങി. ബസ് മണ്ണീറ വെള്ളച്ചാട്ടത്തിനു സമീപംവരെ എത്തും. 500ഓളം കുടുംബം താമസിക്കുന്ന മണ്ണീറ ഗ്രാമത്തിൽനിന്ന് പുറംലോകം കാണണമെങ്കിൽ രണ്ടര കിലോമീറ്റർ കാട്ടിലൂടെ നടക്കണമായിരുന്നു.
പ്രദേശത്തെ കോളജ്, സ്കൂൾ വിദ്യാർഥികളിൽ ഭൂരിഭാഗവും പത്തനംതിട്ടയിലും കോന്നിയിലുമാണ് പഠിക്കുന്നത്. ഇവർ വനത്തിലൂടെ നടന്ന് കോന്നി- തണ്ണിത്തോട് റോഡിലെ മുണ്ടോമൂഴിയിലെത്തിയാണ് ബസ് യാത്ര നടത്തിയിരുന്നത്.
കുടിയേറ്റ കാലത്തിനുശേഷം പ്രദേശത്ത് വീടുകളും ജനങ്ങളും വലിയതോതിൽ കൂടിയിട്ടും യാത്രാസൗകര്യങ്ങൾ ഇല്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. മണ്ണീറയിൽനിന്ന് മുണ്ടോമുഴി വരെയുള്ള വനയാത്രയിൽ മൃഗങ്ങളുടെസാന്നിധ്യവുമുണ്ട്.
രാവിലെ 7.5ന് കോന്നിയിൽനിന്ന് പുറപ്പെടുന്ന ബസ് തണ്ണിത്തോട് വഴി8.10ന് മണ്ണീറയിൽ എത്തും.
ഉച്ചക്ക് 12.10ന് കോന്നിയിൽനിന്ന് പുറപ്പെടുന്ന സർവിസ് 12.45ന് മണ്ണീറയിലെത്തും. തുടർന്ന് തണ്ണിത്തോട്ടിൽ എത്തിയ ശേഷം 1.40ന് വീണ്ടും മണ്ണീറയിലെത്തി കോന്നിയിലേക്ക് പോകും.
വൈകീട്ട് 3.10ന് കോന്നിയിൽനിന്ന് പുറപ്പെട്ട് 3.45ന് മണ്ണീറയിലെത്തി തിരികെ കോന്നിയിലേക്ക്.
ബസ് സർവിസ് അടവിയിലും മണ്ണീറ വെള്ളച്ചാട്ടത്തിലും എത്തുന്ന സഞ്ചാരികൾക്കും പ്രയോജനംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.