കോന്നി: മണ്ഡല മകരവിളക്ക് കാലത്ത് ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ കടന്നുപോകുന്ന കോന്നിയിൽ അയ്യപ്പഭക്തരുടെ ആരോഗ്യ രക്ഷക്കായി കോന്നി മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കോന്നിയിൽ ചേർന്ന ഗ്രാമപഞ്ചായത്ത്തല അവലോകന യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ തവണ മണ്ഡല മകരവിളക്ക് കാലത്ത് 10 കിടക്കകളാണ് കോന്നി മെഡിക്കൽ കോളജിൽ അനുവദിച്ചിരുന്നത്. എന്നാൽ, ഈ മണ്ഡലകാലത്ത് 30 കിടക്കകളാണ് അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിയലാവും അയ്യപ്പഭക്തർ കൂടുതലും എത്തുന്നത്. അതിനാൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
കോന്നിയിലെ ഭക്ഷണശാലകളിലും പരിശോധന നടത്തും. ശബരിമല ഇടത്താവളത്തിലെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കും. ഭക്ഷണശാലകൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും എന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഓടകളിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാനുള്ള നടപടികൾ വേഗത്തിൽ നടപ്പാക്കുമെന്ന് കെ.എസ്.ടി.പി അധികൃതർ അറിയിച്ചു. ശബരിമല പാത കടന്നുപോകുന്നതിന് ഇരുവശത്തുമുള്ള റേഷൻ കടകൾ വഴി കുപ്പി വെള്ളം വീതം വിതരണം ചെയ്യാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാ. അയ്യപ്പ ഭക്തരുടെ ആരോഗ്യ സംരക്ഷണത്തിനായി സ്റ്റാഫ് നഴ്സിനെ നിയമിക്കാനും തീരുമാനിച്ചു. നഗരത്തിലെ ഗതാഗതം നിയന്ത്രണത്തിനായി കോന്നി സെൻട്രൽ ജങ്ഷൻ പരിധിയിലുള്ള നാല് റോഡുകളിലെയും 50 മീറ്റർ ചുറ്റളവിൽ അനധികൃത പാർക്കിങ് കർശനമായി നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി.
കോന്നി മിനി സിവിൽ സ്റ്റേഷൻ റോഡിലെ പാർക്കിങ് വരകൾ വരക്കാനും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാനും റോഡരികിൽ തടി ലോഡ് കയറ്റി ഇറക്കുന്നത് നിയന്ത്രിക്കാനും അനധികൃത കച്ചവടം നിയന്ത്രിക്കാനും മിനി മാസ്റ്റ് ലൈറ്റുകളിൽ കാഴ്ച മറയ്ക്കുന്ന ബോർഡുകൾ നീക്കം ചെയ്യാനും 28ന് ചേർന്ന ഗതാഗത ഉപദേശക സമിതി യോഗം തീരുമാനിച്ചിരുന്നു. കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു, വൈസ് പ്രസിഡന്റ് റോജി എബ്രഹാം, മെംബർമാരായ തോമസ് കാലായിൽ, കെ.ജി. ഉദയകുമാർ, ജിഷ, രഞ്ജു, പൊലീസ്, ഫയർഫോഴ്സ്, മോട്ടോർ വാഹന വകുപ്പ്, ഭക്ഷ്യ സുരക്ഷ, താലൂക്ക് ഓഫിസ്, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.