കോന്നി: കോന്നി ഗവ. മെഡിക്കൽ കോളജ് ശബരിമലയുടെ അടിസ്ഥാന ആരോഗ്യസ്ഥാപനമായി മാറുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
മെഡിക്കൽ കോളജിൽ പ്രവർത്തനമാരംഭിച്ച ശബരിമല വാർഡിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.എൽ.എ. ശബരിമലക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നത് കോന്നി സർക്കാർ മെഡിക്കൽ കോളജാണ്. പ്രവർത്തനം വിപുലമാകുന്നതോടെ തീർഥാടകർക്ക് ശബരിമലയിൽനിന്ന് വേഗത്തിൽ കോന്നിയിലെത്തി ചികിത്സ തേടാൻ കഴിയും.
മെഡിക്കൽ കോളജിൽനിന്ന് ഒരു പ്രധാന പാത വട്ടമൺ-കുപ്പക്കര വഴി പയ്യനാമണ്ണിലെത്തി അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡിെൻറ ഭാഗമാകും. ശബരിമലയിൽനിന്ന് ആങ്ങമൂഴി-സീതത്തോട്-ചിറ്റാർ-തണ്ണിത്തോട് വഴി പയ്യനാമണ്ണിലെത്തി മെഡിക്കൽ കോളജ് പാതയിലൂടെ ആശുപത്രിയിൽ എത്തിച്ചേരാം. നിലവിൽ കോട്ടയം മെഡിക്കൽ കോളജിനെയാണ് ശബരിമല തീർഥാടനത്തിെൻറ ഭാഗമായി ആശ്രയിക്കുന്നത്.
മെഡിക്കൽ കോളജിെൻറ നാലാം വാർഡാണ് ശബരിമല വാർഡാക്കി മാറ്റിയത്. 30 കിടക്കകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കോന്നി മെഡിക്കൽ കോളജിൽ ലഭ്യമായ പരമാവധി സൗകര്യങ്ങൾ മെഡിക്കൽ കോളജ് വാർഡിനായി തയാറാക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി സജി, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻറ് മണിയമ്മ രാമചന്ദ്രൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. രഘു, ശ്രീകുമാർ, ഷീബ, രഘുനാഥ് ഇടത്തിട്ട തുടങ്ങിയവർ പങ്കെടുത്തു.
കോന്നി: ഗവ. മെഡിക്കൽ കോളജിെൻറ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺ സർവേ അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജിെൻറ അതിർത്തി സർവേയിലൂടെ കണ്ടെത്തി സംരക്ഷണവേലി നിർമിക്കും.
ത്രിമാന സർവേയിലൂടെ മെഡിക്കൽ കോളജ് ഭൂമിയുടെ കൃത്യമായ രേഖപ്പെടുത്തലാണ് നടത്തുന്നത്. മെഡിക്കൽ കോളജ് ഭൂമി പൂർണമായി സംരക്ഷിക്കുന്നതിനും എല്ലാ തുടർ വികസന പ്രവർത്തനങ്ങൾക്കും ആവശ്യാനുസരണം ഭൂമി നീക്കിവെക്കുന്നതിനും സർവേ സഹായകമാകും. കോന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാൻഡ് ആർക്ക് സർവേ ടീമാണ് സർവേക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.