കോന്നി: വള്ളിക്കോട് തിയറ്റർ ജങ്ഷനിൽ ഗുണനിലവാരമില്ലാത്ത ഇന്റർലോക്ക് കട്ടകളിൽ തെന്നിവീണ് തലക്ക് ഗുരുതര പരിക്കേറ്റ വള്ളിക്കോട് തെക്കേടത്ത് വീട്ടിൽ യദുകൃഷ്ണൻ (ശംഭു) അപകടം നടന്ന് അഞ്ച് മാസത്തിന് ശേഷവും വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ. 2022 ആഗസ്റ്റ് 14നാണ് യദു കോന്നി-പൂങ്കാവ്-വള്ളിക്കോട് റോഡിൽ തിയറ്റർ ജങ്ഷനിൽ റോഡിൽ സ്ഥാപിച്ച ഇന്റലോക്കിൽ തെന്നിവീണ് തലയിലൂടെ കമ്പി തുളച്ച് കയറിയാണ് ഗുരുതര പരിക്കേറ്റത്.
തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വൈക്കം ഇൻഡോ- അമേരിക്കൻ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുർന്ന് നാട്ടുകാർ റോഡ് ഉപരോധിക്കുകയും ജില്ല ഭരണകൂടം അടക്കം ഇടപെട്ട് നാട്ടുകാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും യുവാവിന് ചികിത്സച്ചെലവ് കരാർ കമ്പിനി വഹിക്കുമെന്ന് അറിച്ചെങ്കിലും ഇവർ ഇതുവരെ തിരിഞ്ഞു നോക്കിയില്ല. തുടർന്ന് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സഹായ നിധി രൂപവത്കരിച്ച് പണം നൽകിയെങ്കിലും ഇതും ചികിത്സച്ചെലവിന് തികഞ്ഞില്ല.
യദുവിന്റെ ചികിത്സക്കായി 25 ലക്ഷം രൂപയോളം ചെലവായതായി വീട്ടുകാർ പറയുന്നു. എന്നാൽ, ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ഒരു സഹായവും കുടുംബത്തിന് ലഭിച്ചതുമില്ല. അപകടശേഷം എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേരുകയും ഇന്റർലോക്ക് കട്ടകൾ മാറ്റി ടാർ ചെയ്യുകയും ചെയ്തു എങ്കിലും ഓടയുടെ നിർമാണം എങ്ങും എത്തിയില്ല. സംഭവത്തിൽ വള്ളിക്കോട് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്. വിദേശത്ത് ജോലി ലഭിച്ച യദു ജോലിക്ക് പോകാൻ ഇരുന്ന സമയത്താണ് അപകടം ഉണ്ടായത്. കൂടാതെ യദുവിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.