കോന്നി (പത്തനംതിട്ട): വിനോദ സഞ്ചാരികളുടെയും വിദ്യാർഥികളുടെയും ശ്രദ്ധയാകർഷിക്കുകയാണ് കോന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിെൻറ കീഴിൽ കോന്നി ആനത്താവളത്തിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം സെൻററിലെ ഔഷധ സസ്യ ഉദ്യാനവും നക്ഷത്രവനവും. ജന്മനക്ഷത്ര സസ്യങ്ങളെ ഉൾക്കൊള്ളിച്ചുള്ള നക്ഷത്രവനമാണ് ഇതിെൻറ ഏറ്റവും വലിയ പ്രത്യേകത.
2012ലാണ് ദേശീയ ഔഷധ സസ്യബോർഡിെൻറ പദ്ധതി വനംവകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് ഇത് പരിപാലിച്ച് പോകുന്നതും. ദശപുഷ്പങ്ങളിൽ തുടങ്ങി അഗസ്ത്യാർകൂടത്തിൽ കണ്ടുവരുന്ന ആരോഗ്യപച്ചവരെയുള്ള 206ലധികം ഔഷധസസ്യങ്ങളാണ് ഉദ്യാനത്തിൽ ഉള്ളത്. സഞ്ചാരികളെ കൂടാതെ ബോട്ടണി വിദ്യാർഥികളും ഗവേഷക വിദ്യാർഥികളും ഇവിടം സന്ദർശിക്കുന്നുണ്ട്.
അഗസ്ത്യവനങ്ങളിൽനിന്നും കുളത്തൂപ്പുഴ മേഖലയിലെ വനത്തിൽനിന്നും എത്തിച്ച അപൂർവങ്ങളായ ഔഷധസസ്യങ്ങളാണ് ഇവിടെ പരിപാലിച്ചുവരുന്നത്.
അശ്വതി മുതൽ രേവതിവരെയുള്ള ഓരോ ജന്മനക്ഷത്രത്തിനും യോജിച്ച സസ്യങ്ങളുടെ പേരുകളും ഇതിെൻറ രാസനാമവും ഉപയോഗവും ഇവിടെ ബോർഡിൽ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ത്രിഫല സസ്യങ്ങളായ നെല്ലിക്ക, താന്നിക്ക, കടുക്ക, ദശപുഷ്പങ്ങളായ ചെറുവ, മുക്കൂറ്റി, നിലപ്പന, കയ്യോന്നി, മുയൽ ചെവിയൻ, വിഷ്ണുക്രാന്തി, കറുക, പൂവാൻകുരുന്ന്, ഉഴിഞ്ഞ, തിരുനാളി ത്രികടുഫലങ്ങളായ തിപ്പലി, ഇഞ്ചി, കുരുമുളക്, ത്രിഗന്ധങ്ങളായ അകിൽ, ചന്ദനം, രക്തചന്ദനം, രക്തചന്ദനം നിലമ്പൂർ കാടുകളിൽ കണ്ടുവരുന്ന സോമലത (സോമയാഗം, ശരീരവേദന, ആസ്ത്മ), അഗസ്ത്യവനങ്ങളിൽ കണ്ടുവരുന്ന ആരോഗ്യപച്ച (ആരോഗ്യദായക ഊർജം നൽകുന്നു), വിഷം, നീരുവേദന എന്നിവ അകറ്റുന്ന പുലിച്ചുവടി, പ്രമേഹത്തിനും അതിസാരത്തിനുമുള്ള വേങ്ങ, വിഷത്തിനുള്ള ചുവന്ന കയ്യോന്നി, ശിരോരോഗത്തിനുള്ള രുദ്രാക്ഷം, മൂത്രാശയരോഗത്തിനുള്ള നീർമാതളം, ചുമക്കും ആസ്ത്മക്കുള്ള യശങ്ക്, അതിസാരത്തിനും നേത്രരോഗത്തിനുമുള്ള പാച്ചോലി, ആമവാതത്തിനുള്ള സമുദ്രപച്ച, തെന്മല ചെന്തുരിണി വനമേഖലയിൽ കണ്ടുവരുന്ന അപൂർവയിനം ചെങ്കുറിഞ്ഞി എന്നിവയും ഇവിടെ കണ്ടുവരുന്നുണ്ട്.
കുറഞ്ഞ നാളുകൾകൊണ്ട് ഗവേഷക വിദ്യാർഥികളുടെയും സഞ്ചാരികളുടെയും ശ്രദ്ധയാകർഷിക്കാനും പദ്ധതിക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.