കോന്നിയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു

കോന്നി: കോന്നിയിൽ മലയോര മേഖലയായ പാടം, ആരുവാപുലം, കല്ലേലി, തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിൽ ലഹരിമാഫിയ സംഘം പിടിമുറുക്കുന്നു. സ്കൂളുകൾക്ക് ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങളുടെയും പാൻമസാലകളുടെയും വിൽപന തകൃതിയാണ്. തമിഴ്നാട്ടിൽനിന്നാണ് കഞ്ചാവും നിരോധിക്കപ്പെട്ട പാൻമസാലകളും ഉൾപ്പെടെ അച്ചൻകോവിൽ, ചെങ്കോട്ട, പാടം, മാങ്കോട്, കല്ലേലി വഴി കോന്നി ടൗണിൽ എത്തിക്കുന്നത്. ഏജന്റുകളെ ഉപയോഗിച്ചും സ്കൂൾ കുട്ടികളെ ഉപയോഗിച്ചും കച്ചവടം നടത്തുന്നതാണ് ഇവരുടെ രീതി.

കോന്നി ടൗണിലും പുകയില ഉൽപന്നങ്ങളുടെ കച്ചവടം സജീവമാണ്. ചില കച്ചവട സ്ഥാപനങ്ങളിൽ നിരോധിത പാൻമസാലകളും പുകയില ഉൽപന്നങ്ങളും സൂക്ഷിക്കാൻ പ്രത്യേകയിടം വരെയുണ്ട്. ആവശ്യക്കാർ എത്തുമ്പോൾ ചെറിയ പൊതികളിലാക്കിയാണ് കച്ചവടം. അന്തർ സംസ്ഥാനത്തുനിന്ന് ചുരുങ്ങിയ വിലയ്ക്ക് വാങ്ങുന്ന ഇത്തരം ലഹരി ഉൽപന്നങ്ങൾ നാലും അഞ്ചും ഇരട്ടി വിലയ്ക്കാണ് വിൽക്കുന്നത്.

നീണ്ട കാത്തിരിപ്പിനൊടുവിൽ സ്കൂളുകൾ തുറന്നപ്പോൾ കഞ്ചാവും ലഹരി ഉൽപന്നങ്ങളും വിൽക്കാനും ചില സ്ഥലങ്ങളിൽ എത്തിക്കാനും ലഹരി മാഫിയകൾ ഇരകളാക്കുന്നത് സ്കൂൾ കുട്ടികളെയാണ്. ഇരുചക്ര വാഹനങ്ങൾ സ്കൂൾ കുട്ടികൾക്ക് ഓടിക്കാൻ കൊടുക്കുകയും പിന്നീട് ലഹരിവസ്തുക്കൾ മറ്റുള്ളവർക്ക് എത്തിച്ച് നൽകാനും ഘട്ടം ഘട്ടമായി ലഹരിമാഫിയ കുട്ടികളെ ഉപയോഗിക്കുന്നു.

കോന്നിയിൽ ലഹരി മാഫിയകളെ നിയന്ത്രിക്കാൻ എക്സൈസോ പൊലീസോ നടപടി സ്വീകരിച്ചിട്ടില്ല.കോന്നി കെ.എസ്.ആർ.ടി.സി, വള്ളാട്ട്തോട്, മയൂർ ഏലാ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ ഇടവഴികളും ഉപയോഗശൂന്യമായ കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ കച്ചവടം വിപുലീകരിക്കുന്നത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഇരുചക്ര വാഹനങ്ങളിൽ യഥാസ്ഥലത്ത് എത്തിക്കാൻ ഉപയോഗിക്കുന്നതും ഈ സ്ഥലങ്ങളാണ്.

Tags:    
News Summary - The presence of drug mafia is increasing in Konni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.