കോന്നി: കോന്നി താലൂക്കിലെ അരുവാപ്പുലം പഞ്ചായത്തിൽ ആവണിപ്പാറയിലും കാട്ടാത്തിയിലും ട്രൈബൽ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നു. യാത്രക്ലേശം ഏറെയുള്ള ആവണിപ്പാറയിലേക്ക് കാട്ടിലൂടെ 40 കിലോമീറ്റർ സഞ്ചരിച്ച് അച്ചൻകോവിൽ നദിയുടെ അക്കരെയുള്ള ട്രൈബൽ കോളനിയിലേക്ക് എത്തുക ദുഷ്കരമാണ്. മഴക്കാലത്ത് നദിയിലെ ജലനിരപ്പ് ഉയർന്നാൽ നദിക്ക് കുറുകെ കെട്ടിയ വടത്തിൽ പിടിച്ച് ഫൈബർ വള്ളത്തിലൂടെയാണ് യാത്ര.
നിരവധി വിദ്യാർഥികളും വിദ്യാസമ്പന്നരും ആയ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ആകെ 40 കുടുംബംഗങ്ങളാണുള്ളത്. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ മുൻകൈയെടുത്താണ് വൈദ്യുതി ലഭ്യമാക്കിയത്. കോളനിയിലെ അംഗൻവാടിയോട് ചേർന്നാണ് വായനശാല ആരംഭിക്കുന്നത്. വനത്തിനുള്ളിലെ വായനശാലയ്ക്ക് 'കാനനേയ' ട്രൈബൽ ലൈബ്രറി എന്നാണ് പേരിട്ടിരിക്കുന്നത്.
താലൂക്ക് ലൈബ്രറി കൗൺസിൽ മുൻകൈയെടുത്താണ് ലൈബ്രറി ആരംഭിക്കാനുള്ള നടപടി ആരംഭിച്ചത്. ദീപു(പ്രസി), സുരഭി (സെക്ര) എന്നിവർ ഭാരവാഹികളായ ഒമ്പത് അംഗ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പേരൂർ സുനിലിന്റെ നേതൃത്വത്തിൽ ആവണിപ്പാറയിൽ പുസ്തകങ്ങളും ഫർണിച്ചറുകളും എത്തിച്ചുനൽകി.
ട്രൈബൽ കോളനിയായ കാട്ടാത്തിയിലും 'കാട്ടാത്തി ട്രൈബൽ ലൈബ്രറി' പേരിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഗീത (പ്രസി), രമ്യ (സെക്ര) എന്നിവർ ഭാരവാഹികളായിട്ടുള്ള ഒമ്പത് അംഗ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. രണ്ടു സ്ഥലങ്ങളിലും ഈ മാസം ഉദ്ഘാടനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.