കോന്നി : കോന്നി ആർ.വി.എച്ച്.എസ് സ്കൂളിന് സമീപം സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും അനധികൃത പാർക്കിങ് വർധിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും ട്രക്ക്, സ്വകാര്യ ബസ്, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് വർധിക്കുകയാണ്. ഇവിടെ റോഡിൽ ചെറിയ കയറ്റമുള്ള ഭാഗമായതിനാൽ ദൂരെ നിന്നും വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഇടിച്ച് അപകടങ്ങൾ സംഭവിക്കുന്നതിനും സാധ്യത ഏറെയാണ്. പെട്രോൾ പമ്പിൽ നിന്നും ഇറങ്ങി വരുന്ന വാഹനങ്ങൾക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ഈ ഭാഗത്ത് ഒരു വെയ്റ്റിംഗ് ഷെഡ് ഉണ്ടെങ്കിലും ഇത് മറച്ചാണ് പലപ്പോഴും വലിയ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത്. അതിനാൽ തന്നെ ഈ വെയ്റ്റിംഗ് ഷെഡ് നാട്ടുകാർക്ക് പ്രയോജനം ചെയ്യാതെ പോവുകയാണ്. കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ പലതവണ ഉന്നയിക്കപ്പെട്ടിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കോന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സ്റ്റേഷന്റെ പരിസരം മുതൽ മമ്മൂട് വരെ ഭാഗങ്ങളിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോന്നിയിൽ പല സ്ഥലങ്ങളിലും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് മാത്രം സ്ഥാപിച്ചിട്ടുമില്ല. നിരവധി വിദ്യാർഥികളാണ് ഈ ഭാഗത്ത് കൂടി നടന്നുപോകുന്നത്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ബന്ധപ്പട്ടവർ തയ്യാറാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.