കോന്നി: കാടിറങ്ങി നാട്ടിലെത്തുന്ന വന്യമൃഗങ്ങൾ മനുഷ്യർക്ക് നേരെയും വളർത്തുമൃഗങ്ങൾക്ക് നേരെയും ആക്രമണം നടത്തുമ്പോൾ പൊലിയുന്നത് ഒട്ടറെ കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്. കടുവ, പുലി, കാട്ടുപന്നി, തേനീച്ച, കടന്നൽ തുടങ്ങി വന്യജീവികളുടെ ആക്രമണത്തിൽ കഴിഞ്ഞ കുറച്ച് വർഷത്തിനിടെ നിരവധി പേർക്കാണ് ജീവൻ നഷ്ടമാവുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്ത്. കാട്ടുപന്നികൾ ഇരുചക്ര വാഹന യാത്രികരെ ആക്രമിച്ച സംഭവങ്ങൾ നിരവധിയാണ്.
കോന്നി മ്ലാന്തടത്ത് നടക്കാൻ ഇറങ്ങിയ 87കാരനായ ഷീല ഭവനം കെ. കൃഷ്ണൻ കുട്ടിയെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തതാണ് കോന്നിൽ മനുഷ്യർക്ക് നേരെയുണ്ടായ വന്യജീവി ആക്രമണത്തിൽ അവസാനത്തെ സംഭവം.
ജനത്തിരക്കുള്ള പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ബൈക്കിൽ സഞ്ചരിച്ച മണ്ണീറ സ്വദേശി അർഷാദിനെ കാട്ടുപന്നി ഇടിച്ച് വീഴ്ത്തുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തത് കുറച്ച് നാൾ മുമ്പാണ്. വന്യജീവി ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും നിരവധിയാണ്. 2018ലാണ് ആദ്യമായി കോന്നിയിൽ കടുവയുടെ ആക്രമണത്തിൽ കൊക്കാത്തോട്ടിൽ കിടങ്ങിൽ കിഴക്കേതിൽ രവി കൊല്ലപ്പെടുന്നത്.
പിന്നീട് 2020ൽ റബർ സ്ലോട്ടർ കരാറുകാരനായ ബിനീഷും കടുവയുടെ ആക്രമണത്തിൽ മരിച്ചു. തൂമ്പാക്കുളത്ത് കടുവ പശുവിനെ ആക്രമിച്ച് കൊന്നു. അച്ചൻകോവിൽ റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ വഴിയാത്രക്കാരൻ മരിച്ചതും ഈ അടുത്ത കാലത്താണ്. കഴിഞ്ഞ എട്ട് വർഷത്തിനിടെ പാമ്പുകളുടെ കടിയേറ്റ് 14 പേരാണ് മരിച്ചത്. കാട്ടുപന്നിയുടെയും കാട്ടുപൂച്ചയുടെയും ആക്രമണത്തിൽ ഓരോ ജീവനുകളും നഷ്ടമായി. കാട്ടാനയുടെ ആക്രമണത്തിലും ഒരാൾ മരിച്ചു. 291 പേർക്കാണ് വിവിധ വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.