പത്തനംതിട്ട: കുട്ടികളുടെ യൂനിഫോം അലവൻസ് വൈകി നൽകുന്നത് പി.ടി.എകളെയും അധ്യാപകരെയും പ്രതിസന്ധിയിലാക്കുന്നു. വിദ്യാലയങ്ങളിൽ കുട്ടികൾക്ക് യൂനിഫോം നൽകേണ്ടത് അതത് വർഷത്തിന്റെ ആരംഭത്തിലാണ്. എന്നാൽ, 2023 മേയ്, ജൂൺ മാസങ്ങളിൽ അനുവദിക്കേണ്ട ഫണ്ട് സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്നത് മാർച്ച് മാസത്തിൽ സ്കൂൾ അടക്കുന്ന വേളയിലാണ്. സർക്കാറിൽനിന്ന് ലഭിക്കുമ്പോൾ കൈപ്പറ്റാമെന്ന ധാരണയിൽ സ്കൂൾ പി.ടി.എകളും അധ്യാപകരും ചേർന്ന് പണം നൽകി കുട്ടികൾക്ക് വർഷാരംഭത്തിൽ തന്നെ യൂനിഫോം വാങ്ങി നൽകുകയുണ്ടായി.
കുട്ടികൾക്കുള്ള ഈ പണം ലഭിക്കാൻ അധ്യാപക സംഘടനകൾ നിരന്തരമായി നിവേദനങ്ങൾ നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്തതാണ്. ഒരു വർഷം നീണ്ട സമരങ്ങൾക്ക് ഒടുവിലാണ് മാർച്ചിൽ യു.പി വിഭാഗം കുട്ടികൾക്കുള്ള ഫണ്ട് അനുവദിച്ച് ഉത്തരവായത്. കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ക്രെഡിറ്റാകുന്ന സംവിധാനമാണ് ഇതിനുവേണ്ടി സർക്കാർ ചെയ്തത്. കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്ന പണം ആയതിനാൽ അത് തിരികെ പി.ടി.എക്ക് കിട്ടുകയില്ല. സർക്കാറിൽനിന്ന് പണം ലഭിക്കുമ്പോൾ അഡ്ജസ്റ്റ് ചെയ്യാമെന്ന ചിന്തയിൽ പണം മുടക്കിയ പി.ടി.എ ഭാരവാഹികളും അധ്യാപകരും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
യൂനിഫോം അലവൻസ് സ്കൂൾ വർഷാരംഭത്തിൽ തന്നെ നിർബന്ധമായും വിതരണം ചെയ്യേണ്ടതാണെന്നും സർക്കാർ അത് വർഷാവസാനം വരെ വൈകിപ്പിച്ചത് കൊണ്ടാണ് പ്രതിസന്ധി നിലവിൽ ഉണ്ടായിരിക്കുന്നതെന്നും കെ.പി. എസ്.ടി.എ ഭാരവാഹികൾ പറഞ്ഞു. നിലവിലുള്ള പ്രതിസന്ധിക്ക് സർക്കാർ തന്നെ പരിഹാരം കണ്ടെത്തണമെന്നും വരും വർഷങ്ങളിൽ ജൂണിൽ തന്നെ വിതരണം ചെയ്യാനുള്ള സംവിധാനം സർക്കാർ സ്വീകരിക്കണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. പ്രേം, ട്രഷറർ ഫ്രെഡി ഉമ്മൻ, വൈസ് പ്രസിഡന്റുമാരായ ലിബി കുമാർ, ജ്യോതിഷ്. ആർ, അജിത് എബഹാം, ജോൺ ചെറിയാൻ, തോമസ് മാത്യു, ജോയന്റ് സെക്രട്ടറിമാരായ എസ് . ചിത്ര, ജോസ് മത്തായി, സന്തോഷ് കുമാർ, ജീഷി ഷൗക്കത്ത്, ജോസഫ് സി. ജോർജ്, എസ്.ശരവണൻ, രജിത ആർ. നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.