പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം നിലവിൽ വന്നതുമുതൽ യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിക്ക് വൻ ഭൂരിപക്ഷം നൽകിയ ചരിത്രമാണ് ആറന്മുള നിയമസഭാ മണ്ഡലത്തിനുള്ളത്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ആന്റോ 14,687 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. കൂടുതൽ വോട്ട് ലഭിച്ചതും ആറൻമുളയിൽ നിന്നായിരുവെന്നതും ശ്രദ്ധേയം. 59,626 വോട്ട് ആന്റോ ആന്റണി നേടിയപ്പോൾ 44,939 വോട്ടുകളാണ് എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ഐസക്കിന് നേടാനായത്. അനിൽ കെ.ആന്റണി 38,545 വോട്ടുകൾ നേടിയെങ്കിലും 2019 ലെ കെ.സുരേന്ദ്രന്റെ വോട്ട് വിഹിതത്തിനൊപ്പം എത്താൻ സാധിച്ചില്ല.
2019 ൽ ആന്റോ ആന്റണി 59,277 വോട്ടുനേടിയപ്പോൾ ആറന്മുളയിലെ നിലവിലെ എം.എൽ.എ കൂടിയായിരുന്ന വീണ ജോർജിന് 52,684 വോട്ടുമാത്രമേ നേടാൻ സാധിച്ചുള്ളൂ. എൻ.ഡി.എ. സ്ഥാനാർഥി കെ.സുരേന്ദ്രൻ 50,497 വോട്ടുനേടി. ആന്റോയുടെ ഭൂരിപക്ഷം 6,593. ആറന്മുളയിൽ ഭൂരിപക്ഷം കുറഞ്ഞു വന്ന ആന്റോ ആന്റണി ഇപ്രാവശ്യം ലീഡ് ഉയർത്തി.
അതേസമയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വീണജോർജിന്റെ ഭൂരിപക്ഷം 19003 ആയിരുന്നു.
പത്തനംതിട്ട നഗരസഭയും ആറന്മുള, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ, ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിയമസഭ മണ്ഡലം.
ആരോഗ്യ മന്ത്രിയും സ്ഥലവാസിയുമായ വീണ ജോർജിന്റെ മണ്ഡലത്തിലാണ് തോമസ് ഐസക്ക് പിന്നാക്കം പോയത്. ലോക്സഭാ മണ്ഡലത്തിലാകമാനവും പ്രത്യേകിച്ച് ആറന്മുളയിലും എൽ.ഡി.എഫിന്റെ പ്രചാരണത്തെ നിയന്ത്രിച്ചത് മന്ത്രി വീണയായിരുന്നു. മന്ത്രിയുടെ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥി ഇത്ര വലിയ വ്യത്യാസത്തിൽ പിന്നോക്കം പോയത് എൽ.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ചു. സി.പി.എം സംസ്ഥാന നേതൃത്വം ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. യു.ഡി.എഫുമായി ബന്ധമുള്ള സാമൂദായിക സമവാക്യങ്ങളിൽ മന്ത്രി വീണയുടെ സാന്നിധ്യം വിള്ളലുണ്ടാക്കുമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടിയത്. മന്ത്രി കൂടി പ്രതിനിധാനം ചെയ്യുന്ന ഓർത്തഡോക്സ് സഭക്ക് കാര്യമായി വോട്ടുള്ള മണ്ഡലത്തിൽ തോമസ് ഐസക്കിന് നിഷ്പ്രയാസം കടന്നുപോകാമെന്ന് പ്രതീക്ഷയിലായിരുന്നു. മന്ത്രിയും സി.പി.എം നേതൃത്വവും തമ്മിലെ അകൽച്ചയും ചില പ്രദേശങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ട്. വീണയുമായി അകൽച്ചയിലുള്ള സി.പി.എമ്മിന്റെ ചെയർമാനായ പത്തനംതിട്ട നഗരസഭ പ്രദേശത്ത് ഐസക് 4000 വോട്ടുകൾക്കാണ് പിന്നാക്കം പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.