മല്ലപ്പള്ളി: ചുങ്കപ്പാറ, കോട്ടാങ്ങൽ പ്രദേശങ്ങളിൽ അനധികൃത മദ്യവിൽപന പൊടിപൊടിക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതരും. കോട്ടാങ്ങൽ ജങ്ഷൻ, ചുങ്കപ്പാറ ബസ് സ്റ്റാൻഡ്, ചുങ്കപ്പാറ പൊന്തൻപുഴ റോഡ് എന്നിവിടങ്ങളിൽ അനധികൃത മദ്യവിൽപന തകൃതിയിൽ '' ആൾതാമസമില്ലാത്ത വീടുകൾ, റബർ തോട്ടങ്ങൾ, ആളൊഴിഞ്ഞ പ്രദേശങ്ങൾ, ചില സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് മദ്യവിൽപന നടക്കുന്നത്.
ഓട്ടോകളിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. മദ്യം വാങ്ങുന്നവർക്ക് റോഡിന്റെ വശങ്ങളിൽ വാഹനം പാർക്ക് ചെയ്ത് മദ്യപിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കി നൽകുന്നുമുണ്ട്. സർക്കാർ മദ്യശാലകളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് ഇരട്ടിവിലയ്ക്കാണ് വിൽപന നടത്തുന്നത്. അമിത വിലയ്ക്കും വാങ്ങാൻ ആൾക്കാർ ഉള്ളതിനാൽ ദിനംപ്രതി കച്ചവടക്കാരുടെ എണ്ണവും വർധിച്ചുവരികയാണ്. സന്ധ്യ കഴിഞ്ഞാൽ മദ്യപാനികളുടെ അസഭ്യം പറച്ചിൽ കാരണം വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് പ്രദേശവാസികളുടെ പരാതി. എക്സൈസ്, പൊലീസ് അധികാരികളുടെ അനങ്ങാപ്പാറ നയമാണ് അനധികൃത മദ്യവിൽപന കേന്ദ്രങ്ങൾ പെരുകുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നത്. പൊലീസ് അധികാരികളെ അറിയിച്ചാൽ അറിയിക്കുന്ന ആളിന്റെ വിവരങ്ങൾ വിൽപനക്കാരെ അറിയിക്കുന്ന സ്ഥിതിയാണ്. പൊലീസിൽ ചിലരുടെ ഒത്താശയും ഇത്തരക്കാർക്കുണ്ടെന്നും പറയപ്പെടുന്നു. അനധികൃത മദ്യവിൽപന തടയാൻ നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.