മല്ലപ്പള്ളി: സ്കൂൾ സമയങ്ങളിൽ ടിപ്പർ വാഹനങ്ങളൂടെ സഞ്ചാരം തടയണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ആനിക്കാട് നൂറോന്മാവ് ജംങ്ഷനിൽ അപകടകരമായി നിന്ന വൈദ്യുതി പോസ്റ്റ് മാറ്റിയതായി കെ.എസ്.ഇ.ബി അധികൃതരും മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിലേക്കുള്ള റോഡ് പുനർനിർമിക്കാൻ നടപടി ആരംഭിച്ചതായി പൊതുമരാമത്ത് ബിൽഡിങ് പ്രതിനിധിയും യോഗത്തിൽ അറിയിച്ചു.
വെണ്ണിക്കുളം ജംങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കുന്നില്ലെന്ന് യോഗത്തിൽ പരാതി ഉയർന്നു. കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പ്പൂര് ബസ്സ്റ്റാൻഡ് പരിസരത്ത് കാട് വളർന്നതും മണൽ കൂട്ടിയിട്ടിരിക്കുന്നതും നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും പരാതി ഉണ്ടായി. തുരുത്തിക്കാട് ബിഷപ്പ് എ.സി റോഡിലെ വ്യാപകമായ കൈയേറ്റം ഒഴിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഗുണനിലവാര പരിശോധന നടത്തിയെന്നും അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ഫുഡ് സേഫ്റ്റി ഓഫിസർ യോഗത്തിൽ അറിയിച്ചു.
എന്നാൽ പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ പേരുവിവരം വ്യക്തമാക്കണമെന്ന് ജനപ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. താലൂക്കാശുപത്രിയുടെ മുൻവശത്തുള്ള വാഹന പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. തീയാടിക്കൽ ജംങ്ഷനിൽ അപകട മേഖലയാകുന്നതിനാൽ വാഹന വേഗത നിയന്ത്രണ ബോർഡ് സ്ഥാപിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.
കല്ലൂപ്പാറ പഞ്ചായത്ത് ഓഫീസിന് മുൻവശത്തെ ഓടകൾക്ക് സ്ലാബ് ഇട്ടതായി പി.ഡബ്ലൂ.ഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.ആനിക്കാട് പഞ്ചായത്ത് പ്രസിഡൻറ് സൂസൻ ഡാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, തഹസിൽദാർ ഡി. അജയൻ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. വത്സല, കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻറ് ഉഷസുരേന്ദ്രനാഥ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സാംകുട്ടി ചെറുകര പാലയ്ക്ക മണ്ണിൽ, ഷെറി തോമസ്, അലക്സ് കണ്ണമല , കെ.എം.എം സലിം, ശശികുമാർ ചെമ്പു കുഴി, വി.എസ്. സോമൻ, ജെയിംസ് വർഗീസ്, റജി ചാക്കോ, സിറാജ് ചുങ്കപ്പാറ എന്നിവരും വിവിധ വകുപ്പുകളിലെ താലൂക്കുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.