മല്ലപ്പള്ളി: അപകട ഭീഷണിയിലായ കോട്ടാങ്ങൽ നൂലുവേലിക്കടവ് തൂക്കുപാലം സഞ്ചാരയോഗ്യമാക്കാനോ, പൊളിച്ച് നീക്കാനോ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രളയത്തിൽ തൂക്കുപാലം തകർന്ന് 15 മാസം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിയത്. വെള്ളത്തിനൊപ്പമെത്തിയ മരക്കഷണങ്ങൾ ഇടിച്ചാണ് പാലത്തിന്റെ കൈവരികൾ നശിച്ചത്. കഴിഞ്ഞ പ്രളയത്തിലെ വെള്ളപ്പാച്ചിലിൽ വെള്ളാവൂർ കരയിൽനിന്ന് തൂക്കുപാലവുമായി ബന്ധിപ്പിച്ചിരുന്ന ഭാഗം തകർന്ന് ആറ്റിൽ വീണതോടെ പാലം ഉപയോഗശ്യൂന്യമായത്.
കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ 2016ലാണ് പാലം നിർമിച്ചത്. കോട്ടയം ഡിവിഷന്റെ പരിധിയിലാണ് പാലം. കോട്ടാങ്ങൽ ദേവി ക്ഷേത്രത്തിലെ പടയണി നാളുകളിൽ ആയിരങ്ങൾ എത്തിയിരുന്നത് ഇതിലൂടെയായിരുന്നു. പാലം അപകടാവസ്ഥയിലായതിനാൽ ആരെങ്കിലും തൂക്കുപാലത്തിൽ കയറാൻ ശ്രമിച്ചാൽ അപകടത്തിന് വഴിവെക്കും.
എന്നാൽ, പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിയില്ലെന്ന് എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയതായാണ് അറിയുന്നത്. തുക്കുപാലത്തിന്റെ തകരാർ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് ലഭിച്ചിട്ടും തുടർ നടപടിക്ക് അധികൃതർ കാലതാമസം വരുത്തുന്നത് ആശങ്കക്ക് ഇടയാക്കുന്നു. ദുരന്തങ്ങൾ ക്ഷണിച്ചുവരുത്താതെ പാലം പൊളിച്ചുനീക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.