പന്തളം: 2018ലെ മഹാപ്രളയശേഷം പന്തളത്തെ വിവിധ മേഖലകളിൽ വെള്ളപ്പൊക്കം പതിവാകുന്നതിൽ ആശങ്ക. കടയ്ക്കാട്, തോന്നല്ലൂർ, ചേരിക്കൽ, മുട്ടാർ ഭാഗങ്ങളിൽ വേഗത്തിലാണ് വെള്ളം കയറുന്നത്. എന്നാൽ, വെള്ളമിറങ്ങാൻ ദിവസങ്ങളെടുക്കും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ സ്ഥിതിയെന്നതിനാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾ ആശങ്കയിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതോടെ പന്തളത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളായ കടയ്ക്കാട്, തോന്നല്ലൂർ ഭാഗങ്ങളിലാണ് തുടക്കത്തിൽ തന്നെ വെള്ളം കയറുന്നത്. വൈകാതെ ചേരിക്കലിലും മുട്ടാർ മേഖലയിലും വെള്ളമെത്തും. മണിക്കൂറുകൾകൊണ്ട് ചേരിക്കലും മുട്ടാറും മുങ്ങുന്നതാണ് സ്ഥിതി.
നല്ല തെളിഞ്ഞ കാലാവസ്ഥ മടങ്ങിയെത്തിയിട്ടും പന്തളത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വെള്ളമിറങ്ങിയിട്ടില്ല. ഇവിടങ്ങളിലെ ദുരിതമനുഭവിക്കുന്ന വീടുകളിൽ പന്തളം വില്ലേജ് ഓഫിസർ രേണുക രാജിന്റെ നേതൃത്വത്തിൽ ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകി.
പന്തളം : മുടിയൂർക്കോണം ഭാഗത്ത് വെള്ളം കയറിയതിനാൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മൂന്ന് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.മുടിയൂർക്കോണം, നാഥാനടി, രാധാമണി (55), കൃഷ്ണപിള്ള (85), ലൈല ബീവി (70) എന്നിവരുടെ കുടുംബങ്ങളെ മുടിയൂർക്കോണം എം.ടി എൽ.പി സ്കൂളിലേക്കാണ് മാറ്റിയത്. വെള്ളിയാഴ്ച മഴ മാറിനിന്നെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് മൂലം നാഥാനടി ഭാഗത്ത് വീടുകളിൽ വെള്ളം കയറിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.
2018ലെ പ്രളയ ശേഷം ജില്ലയിലെ നദികളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാൻ മേജർ ഇറിഗേഷൻ വകുപ്പ് പദ്ധതി നടപ്പാക്കിയിരുന്നു. വെള്ളപ്പൊക്കം പ്രതിരോധിക്കാനായിരുന്നു ഇത്. 2.17 കോടി രൂപയാണ് ചെലവഴിച്ചത്.
അച്ചൻകോവിലാറ്റിൽ തുമ്പമൺ അമ്പലക്കടവ് മുതൽ പന്തളം മഹാദേവർ ക്ഷേത്രക്കടവ് വരെ മണ്ണ് നീക്കി. മണ്ണാകടവ്, വാഴുവേലിൽ കടവുകളിൽ നിന്ന് വൻ തോതിലാണ് മണ്ണ് നീക്കിയത്.
എന്നാൽ, യന്ത്രസഹായത്തോടെ നീക്കിയ മണ്ണ് ആറ്റുതീരത്ത് തന്നെ സൂക്ഷിച്ചു. 2020 ജൂണിലായിരുന്നു ജോലികൾ. തൊട്ടു പിന്നാലെയെത്തിയ മഴയിൽ മണ്ണിന്റെ ഏറിയ ഭാഗവും ആറ്റിൽ പതിച്ചു. ഇതിലൂടെ കോടികൾ നഷ്ടമായത് മാത്രം മിച്ചം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.