പന്തളം: അതി ദരിദ്രർക്ക് നൽകാനായി പന്തളം നഗരസഭ വാങ്ങിയ ഭക്ഷ്യക്കിറ്റ് യഥാസമയം വിതരണം ചെയ്തില്ല. പന്തളം ബ്ലോക്കോഫീസിന് സമീപമുള്ള മുറിയിൽ വെച്ചിരുന്ന അമ്പതിലധികം കിറ്റുകൾ പൊട്ടി നശിച്ചുപോയതായി കണ്ടെത്തി. ധാന്യങ്ങളും പൊടികളും തേയിലയും എല്ലാം അടങ്ങിയ കിറ്റായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. ഓണക്കാലത്ത് നൽകേണ്ടതായിരുന്നു ഇവയെന്ന് പറയപ്പെടുന്നു.
നഗരസഭയിലെ ആരോഗ്യ വിഭാഗത്തിനാണ് കിറ്റുവിതരണത്തിന്റെ ചുമതല.152 അതിദരിദ്രർ പന്തളം നഗരസഭയിലുണ്ടെന്നാണ് കണക്ക്. ഇവരിൽ ചിലർ കിറ്റിനായി പലതവണ എത്തിയിരുന്നതായും എന്നാൽ കിറ്റ് എത്തിയിട്ടില്ലെന്ന് പറഞ്ഞ് തിരികെ അയച്ചതായും ഇടതുമുന്നണി പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ പറഞ്ഞു.
ഭക്ഷ്യ കിറ്റ് നശിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലന്മാർ നഗരസഭ സൂപ്രണ്ടിനെയും സെക്രട്ടറിയുടെ ചാർജുള്ള അസി. എഞ്ചിനീയറെയും ഉപരോധിച്ചു.
സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിക്ക് മുമ്പിലും നഗരസഭാ കവാടത്തിലും പ്രതിഷേധ പ്രകടനവും യോഗവും നടത്തി. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ, കൗൺസിലർമാരായ എസ്.അരുൺ, എച്ച്.സക്കീർ, ഷെഫിൻ റെജീബ് ഖാൻ, പി.ജി.അജിതകുമാരി, രാജേഷ് കുമാർ, ശോഭനകുമാരി, ടി.കെ.സതി എന്നിവർ സമരത്തിൽ
പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.