പന്തളം: രണ്ട് ദിവസമായി ഉച്ചക്കു ശേഷമുണ്ടായ മഴയിലും കാറ്റിലും പന്തളത്തും പരിസരങ്ങളിലും കെടുതികൾ തുടരുകയാണ്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാറ്റിൽ പന്തളം മുടിയൂർകോണം സത്യവിലാസം വീട്ടിൽ സത്യപാലന്റെ ശുചിമുറിയുടെ മുകളിൽ മരം വീണ് ഭാഗികമായി തകർന്നു.
തിങ്കളാഴ്ച ഉച്ചക്കുശേഷം വീശിയ കാറ്റിൽ കുളനട, തുമ്പമൺ, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകളിൽ മരങ്ങൾ കടപുഴകിയും വൈദ്യുതി തൂണുകൾ വീണും ഗതാഗതം പൂർണമായും നിലച്ചിരുന്നു. റോഡിൽ ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചു മാറ്റുകയും കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതി ലൈനും പോസ്റ്റുകളും സുരക്ഷിതമായി മാറ്റുകയും ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പന്തളം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണുമാണ് കൂടുതലും നാശമുണ്ടായത്.
വൈദ്യുതി ലൈനുകൾ തകരാറിലായി പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതബന്ധം തകരാറിലായി. ആറന്മുള-കുളനട റോഡിൽ കൈപ്പുഴ ഗുരുമന്ദിരത്തിന് സമീപം റോഡരികിൽ നിന്ന വലിയ മാവ് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. രണ്ടു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കാറ്റിലും മഴയിലും മങ്ങാരം പാടത്തുശ്ശേരിൽ പ്രകാശിന്റെ വീടിനു മുകളിൽ കമുക് വീണ് മേൽക്കൂരയുടെ ഓട് തകർന്നു. കടയക്കാട് 19ാം നമ്പർ ശ്രീകൃഷ്ണവിലാസം സാധുജന പരിപാലന യോഗത്തിന്റെ ഓഫിസ് കെട്ടിടത്തിനു മുകളിൽ ആഞ്ഞിലി വീണ് മേൽക്കൂര തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.