പന്തളം: നഗരസഭയിലെ നികുതിപരിഷ്കാരവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണ് ചെയർപേഴ്സൻ നടത്തുന്നതെന്ന് എൽ.ഡി.എഫ് നഗരസഭ പാർലമെൻറ് പാർട്ടി ലീഡർ ലസിത നായർ പറഞ്ഞു. നികുതി പരിഷ്കാരവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ യഥാസമയം നടപ്പിലാക്കാതെയും നികുതിഘടനയിൽ വന്ന വ്യത്യാസം അറിയിക്കാതിരിക്കുകയും ചെയ്ത ഭരണസമിതി രാജിവെക്കണമെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി നഗരസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നും എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.
നികുതി നിശ്ചയിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ബി.ജെ.പി ഭരണസമിതി കൃത്യവിലോപം കാണിച്ചതായും മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഇല്ലാത്ത വിധം കെട്ടിടനികുതി നിരക്ക് മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ചതിനെതിരെ വകുപ്പ്മന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും കൗൺസിലർമാർ പറഞ്ഞു. വാണിജ്യ കെട്ടിടങ്ങളിൽ വ്യാപാരം നടത്തുന്നവർക്ക് ലൈസൻസ് എടുക്കുന്നതിനുള്ള കാലാവധി ഈ മാസം 30ന് അവസാനിക്കുകയാണ്. വ്യാപാരികൾക്ക് ലൈസൻസ് നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ കഴിഞ്ഞ മൂന്ന് കൗൺസിൽ യോഗങ്ങളിൽ ആവശ്യപ്പെട്ടതാണെന്നും അവർ പറഞ്ഞു. ജനവിരുദ്ധ നടപടികൾക്കെതിരെ എല്ലാ ഡിവിഷനിലെയും സാധാരണക്കാരെ മുന്നിൽനിർത്തി ബഹുജനപ്രക്ഷോഭത്തിന് എൽ.ഡി.എഫ് നേതൃത്വം നൽകുമെന്നും കൗൺസിലർമാരായ എച്ച്. സക്കീർ, എസ്. അരുൺ, ജി. രാജേഷ് കുമാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.