പന്തളം : എലിപ്പനിയും ഡെങ്കിപ്പനിയും ഉൾപ്പെടെ സാംക്രമിക രോഗങ്ങൾ പടരുമ്പോഴും പ്രതിരോധം ഒരുക്കുന്നതിൽ അധികൃതർക്ക് മെല്ലെപ്പോക്ക്. പന്തളം നഗരസഭയിലെ 24 ഡിവിഷൻ ഉൾപ്പെടെ നഗരസഭയുടെ മിക്കയിടങ്ങളിലും കൊതുകു നിർമാർജന പരിപാടികൾ നടപ്പായിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങൾക്കു ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ടെങ്കിലും നിയമസഭ സമ്മേളനം നടക്കുന്നതിനാൽ രോഗികളുടെ എണ്ണം കൃത്യമായി കാണിക്കരുതെന്നാണ് മുകളിൽ നിന്നുള്ള നിർദേശം.
പ്രതിരോധം കാര്യക്ഷമമായില്ലെങ്കിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിൽ കൊതുക് പെരുകുകയാണ്. ദിവസേന പനിബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും രക്ത പരിശോധനയിലൂടെ മാത്രമേ ഡെങ്കിപ്പനി സ്വീകരിക്കാൻ കഴിയൂ. നിലവിൽ പൂഴിക്കാട്, കുരമ്പാല മേഖലയിലാണ് കൂടുതലാളുകൾക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നഗരവാസികളിലും രോഗം സ്ഥിരീകരിച്ചത് ആശങ്കക്ക് ഇടയാക്കുന്നു. ശ്വാസംമുട്ടൽ ഉൾപ്പെടെ മറ്റുരോഗങ്ങൾ ഉള്ളവർക്കും എലിപ്പനി ബാധിച്ചാൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കും. എലിപ്പനി ബാധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ബാക്ടീരിയ കരളിനെയും വൃക്കയെയും ഗുരുതരമായി ബാധിക്കും. ഇതിനിടെ രോഗം സ്ഥിരീകരിച്ചില്ലെങ്കിൽ രോഗിയുടെ ആരോഗ്യനില കൂടുതൽ മോശമാകും. ചെറിയ പനിയുണ്ടെങ്കിലും രോഗ സ്ഥിരീകരണം നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
വീട്ടിലെ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചാൽ ആ വീട്ടിലും പരിസരത്തും ഇൻഡോർ സ്പേസ് സ്പ്രേയിങ് (ഐ.എസ്.എസ്) നടത്തണമെന്നാണ് ചട്ടം. എന്നാൽ, ഇത്തരത്തിൽ സ്പ്രേ ചെയ്യാനുള്ള മരുന്നുകൾ ജില്ലയിലില്ല. രോഗബാധിതർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നതിനാൽ വ്യക്തമായ കണക്കും അധികൃതർക്ക് ശേഖരിക്കാൻ കഴിയുന്നില്ല. ഇൻഡോർ സ്പ്രേയിങ് നടത്തിയിരുന്നെങ്കിൽ രോഗ വ്യാപനം തടയാൻ കഴിയും. ഗർഭിണികൾക്ക് പനിയുണ്ടെങ്കിൽ കൃത്യമായ നിരീക്ഷണം വേണമെന്നും ചട്ടമുണ്ട്.
ഫോഗിങ് ഉൾപ്പെടെ പ്രവർത്തനങ്ങൾ മഴയ്ക്കു മുന്നോടിയായി നടത്തേണ്ടതുണ്ട്. എന്നാൽ, ഈ വർഷം ചെറിയ തോതിൽ മാത്രമാണ് ഫോഗിങ് നടന്നത്. ഫോഗിങ്ങിന് ആവശ്യമായ മരുന്നുകൾ പോലും ലഭ്യമല്ല. ലോക്സഭ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ഉണ്ടായിരുന്നതിനാലാണ് ഫണ്ട് ലഭിക്കാത്തത് എന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. ദേശീയ ആരോഗ്യ മിഷനാണ് (എൻ.എച്ച്.എം) ഫണ്ട് ലഭ്യമാക്കേണ്ടത്. മൺസൂണിന് മൂന്നുമാസം മുൻപ് നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനം പോലും മഴ ആരംഭിച്ചിട്ടും നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.