പ്രഭയുടെ രാജി; പന്തളത്ത് ബി.ജെ.പിയിൽ കടുത്ത ഭിന്നത

പന്തളം: പരസ്യമായി അസഭ്യം പറഞ്ഞ നഗരസഭ ചെയർപേഴ്സനെ മാറ്റാത്തതിൽ പ്രതിഷേധിച്ച് ബി.ജെപി പാർലമെന്‍ററി പാർട്ടി സ്ഥാനം കെ.വി. പ്രഭ രാജിവെച്ചതോടെ പന്തളം ബി.ജെ.പിയിൽ ഭിന്നത മറനീക്കി പുറത്തുവന്നു.

എന്നാൽ, നഗരസഭ ഭരണം നഷ്ടപ്പെട്ടാലും സംഘടന പ്രവർത്തനം ശക്തിപ്പെടുത്തണമെന്നാണ് ആർ.എസ്.എസ് നേതൃത്വത്തിന്‍റെ നിർദേശമെന്നാണ് അറിയുന്നത്. നഗരസഭയിൽ വിവാദ വിഡിയോക്ക് പിന്നാലെ ബി.ജെ.പി, ആർ.എസ്.എസ് രണ്ട് ചേരിയിൽ നിന്നാണ് നഗരസഭ ഭരണത്തെ കണ്ടിരുന്നത്.

ചെയർപേഴ്സൻ തൽസ്ഥിതി തുടരാനാണ് ആർ.എസ്.എസ് നിർദേശിച്ചിരിക്കുന്നത്. ബി.ജെ.പി ഭരണസമിതിയിലെ പടലപ്പിണക്കവും ഗ്രൂപ്പുകളിയും അതിരുവിട്ടതിന്‍റെ തുടർച്ചയാണ് പാർലമെന്‍ററി പാർട്ടി ലീഡർ സ്ഥാനം രാജിവെക്കാൻ ഇടയാക്കിയത്. രാജിവെച്ചതോടെ കെ.വി. പ്രഭ പാർട്ടിയിൽ ഒറ്റപ്പെടുകയാണ്.

രണ്ടുമാസം മുമ്പ് കെ.വി. പ്രഭക്കുനേരെ പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അസഭ്യവർഷം നടത്തിയത് നവമാധ്യമങ്ങളിലൂടെ പുറത്തായിട്ടും അധ്യക്ഷക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പി ജില്ല നേതൃത്വം ചർച്ചക്ക് വിളിച്ചപ്പോൾ കെ.വി. പ്രഭയും ഗ്രൂപ്പിലുള്ള കൗൺസിലർമാരും പങ്കെടുത്തെങ്കിലും ചെയർപേഴ്സനും മറു ഗ്രൂപ്പിലുള്ളവരും പങ്കെടുത്തില്ല.

പന്തളത്തെ ഒരുവിഭാഗം സംഘ്പരിവാർ നേതൃത്വം അധ്യക്ഷക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് ബിജെപിയും സംഘ്പരിവാറും രണ്ടുതട്ടിലായത്. കെ. സുരേന്ദ്രന്‍റെ നിർദേശ പ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ രണ്ടുവട്ടം ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭരണസമിതി രണ്ടുചേരിയായി പോര് തുടങ്ങിയതോടെ നഗരസഭ ഭരണം താളംതെറ്റി. പോര് രൂക്ഷമായതോടെ അധ്യക്ഷ വിളിക്കുന്ന യോഗങ്ങളിൽ കെ.വി. പ്രഭയും കൂട്ടരും പങ്കെടുക്കാതെ വിട്ടുനിന്നതും പ്രശ്നങ്ങൾക്കിടയാക്കി.

Tags:    
News Summary - In BJP at Pandalam Sectarianism is fierce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.