പന്തളം: ബുധനാഴ്ച പന്തളത്തുനിന്നും പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയിൽ അംഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനും തിരക്കൊഴിവാക്കാനായി മാലയിട്ടുള്ള സ്വീകരണത്തിൽ ക്രമീകരണങ്ങൾ വരുത്താനും കൊട്ടാരത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. കോവിഡിന്റെ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഘോഷയാത്ര സംഘാംഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നത്. ഘോഷയാത്രയ്ക്കൊപ്പം പോകുന്ന സ്വാമിമാർ അകലം പാലിച്ച് മുന്നിൽ നീങ്ങണം. അകലം പാലിച്ച് ഭക്ഷണത്തിലും വിശ്രമത്തിലുമെല്ലാം പങ്കുകൊള്ളണം.
തിരുവാഭരണപ്പെട്ടികൾ ക്ഷേത്രത്തിന് പുറത്തേക്കെടുക്കുന്ന സമയം മാലയിട്ടുള്ള സ്വീകരണത്തിന് വളരെ കുറച്ച് ആളുകളെ മാത്രം ഉൾപ്പെടുത്തുവാനാണ് തീരുമാനം. പകരം ബാക്കിയുള്ള ആളുകൾക്ക് പെട്ടികളിൽ പൂവിട്ട് തൊഴുന്നതിനുള്ള അവസരമൊരുക്കും. സമയബന്ധിതമായി ഘോഷയാത്ര സ്വീകരണ സ്ഥലങ്ങളിൽ എത്തുന്നതിനുവേണ്ടിയാണ് ഈ ക്രമീകരണം ഏർപ്പെടുത്തുന്നത്.
പന്തളം നഗരസഭ ഭാരവാഹികൾ മണികണ്ഠനാൽത്തറയ്ക്കു സമീപമാണ് സ്വീകരിക്കുന്നത്. ക്ഷേത്രത്തിൽനിന്ന് മണികണ്ഠനാൽത്തറ വരെയുള്ള വഴിയിലെ കടകളുടെ ഇറക്ക് അഴിച്ചുമാറ്റി യാത്ര സുഗമമാക്കും.പുലർച്ച നാലിന് തിരുവാഭരണങ്ങൾ ഗുരുസ്വാമിമാർ ചേർന്ന് ക്ഷേത്രത്തിലേക്ക് മാറ്റും. അഞ്ചുമുതൽ ക്ഷേത്രത്തിൽ ദർശന സൗകര്യമൊരുക്കും. ഇത്തവണ രാജപ്രതിനിധി ക്ഷേത്രത്തിൽനിന്നും ആദ്യം ഇറങ്ങി വലിയതമ്പുരാട്ടി മകംനാൾ തന്വംഗി തമ്പുരാട്ടിയെക്കണ്ട് അനുഗ്രഹം വാങ്ങും.
ഒരുമണിക്ക് ഘോഷയാത്ര പുറപ്പെട്ടാൽ രാജപ്രതിനിധി അതിനൊപ്പം ചേരും. വടശ്ശേരിക്കരയിലും ളാഹയിലും തിരുവാഭരണ പേടകവാഹകസംഘത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കും. ഘോഷയാത്രയ്ക്കൊപ്പം ശബരിമലയിലെത്തുന്ന സ്വാമിമാർക്ക് വടക്കേനടവഴി കയറി ദർശനത്തിന് സൗകര്യമൊരുക്കും. ഘോഷയാത്രയ്ക്കൊപ്പം ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യവും ഉണ്ടാകും.
യോഗത്തിൽ പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, സെക്രട്ടറി നാരായണ വർമ, രാജപ്രതിനിധി ശങ്കർ വർമ, ആർ.ഡി.ഒ. കെ.ചന്ദ്രശേഖരൻ നായർ, നോഡൽ ഓഫിസർ എം.കെ. അജികുമാർ, നഗരസഭ ചെയർ പേഴ്സൻ സുശീല സന്തോഷ്, കൗൺസിലർ പി.കെ.പുഷ്പലത, തിരുവാഭരണം സ്പെഷൽ കമീഷണർ എസ്.അജിത് കുമാർ, സ്പെഷൽ ഓഫിസർ കെ.സൈനുരാജ്, പൊലീസ് സ്പെഷൽ ഓഫിസർ പി.പി. സന്തോഷ്, തിരുവാഭരണ പേടക വാഹകസംഘം സ്വാമിമാരായ മരുതമന ശിവൻപിള്ള, കുളത്തിനാൽ ഉണ്ണികൃഷ്ണൻ, വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാൽ, പേടക വാഹകസംഘം ഗുരുസ്വാമി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കം തൃപ്തികരമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കവും പൂര്‍ത്തിയായി. മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷ ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീര്‍ഥാടനം ഉറപ്പുവരുത്തിയിട്ടുള്ളത്.
ഈ വര്‍ഷം ശബരിമല തീര്‍ഥാടനത്തിന് 15,52,227 പേര് എത്തിയിട്ടുണ്ട്. കാനനപാതയിലൂടെ മാത്രം 18,375 പേര് സന്നിധാനത്തെത്തി. തീര്‍ഥാടകരുടെ വര്‍ധനവ് കണക്കിലെടുത്ത് കാനനപാത വഴിയുള്ള തീര്‍ഥാടന സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. എരുമേലി കോയിക്കല്വഴി രാവിലെ 5.30 മുതല്‍ ഉച്ചക്ക് 1.30 വരെയും അഴുത, മുക്കുഴി കാനനപാതകളിലൂടെ രാവിലെ ഏഴുമുതല്‍ വൈകീട്ട് മൂന്നുവരെയുമാണ് തീര്‍ഥാടകരെ കയറ്റിവിടുക. പൊലീസ് സുരക്ഷ ഉറപ്പാക്കും.
മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കും. പാണ്ടിത്താവളത്തില്‍ പുതുതായി 240 ശൗചാലയങ്ങൾ സ്ഥാപിക്കും. ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത് 13ന് പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കും. കെ.എസ്.ആര്.ടി.സി അധിക ബസ് സര്‍വിസുകള്‍ നടത്തും. 300 ബസുകള്‍ ചെയിന്‍ സര്‍വിസും 400 ബസുകള്‍ ദീര്‍ഘദൂര സര്‍വിസും നടത്തും.
ദര്‍ശിക്കുന്ന ഒമ്പത് സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ആംബുലന്‍സ് സൗകര്യം ഒരുക്കും. അഗ്നിരക്ഷാവിഭാഗം 124 ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, ശബരിമല എ.ഡി.എം അര്ജുന് പാണ്ഡ്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.