പന്തളം: എം.സി റോഡിലൂടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ. രാവിലെയും വൈകീട്ടും സ്കൂളുകളുടെ മുന്നിലൂടെ അമിത വേഗത്തിൽ വാഹനങ്ങൾ പായുന്നതിൽ രക്ഷിതാക്കളിലും വിദ്യാർഥികളിലും ആശങ്ക. കുളനട, മാന്തുക മുതൽ കുരമ്പാല വരെ 10ൽപരം സ്കൂളുകളാണള എം.സി റോഡിന്റെ ഇരുവശത്തും സ്ഥിതിചെയ്യുന്നത്. രാവിലെ എട്ടുമുതൽ നൂറുകണക്കിന് വിദ്യാർഥികളാണ് സൈക്കിളിലും കാൽനടയായും യാത്ര ചെയ്യുന്നത്.
സ്കൂൾ വിടുന്ന സമയങ്ങളിൽ കൂട്ടമായാണ് വിദ്യാർഥികൾ റോഡിലേക്കിറങ്ങുന്നത്. ഈ സമയം കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും മത്സരയോട്ടത്തിലാണ്. ഒപ്പം ടിപ്പർ ലോറികളും നാഷനൽ പെർമിറ്റ് ലോറികളും പായുന്നുണ്ട്. സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. സൈക്കിളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഭയന്നാണ് വീടുകളിലേക്കും ട്യൂഷൻ സെന്ററുകളിലേക്കും എത്തുന്നത്. എം.സി റോഡിലെ വാഹനങ്ങളുടെ അമിതവേഗം കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്.
ഇതിൽ വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെയുണ്ട്. വർഷങ്ങളായി അപകടത്തിൽപെട്ട് കഴിയുന്നവരുമുണ്ട്. വാഹനങ്ങളുടെ അമിതവേഗം നിരവധി അപകടങ്ങളാണ് വരുത്തിവെക്കുന്നത്. കഴിഞ്ഞദിവസം നിയന്ത്രണംവിട്ട പിക്അപ് വാൻ വീടിന്റെ മതിൽ തകർത്തിരുന്നു.
വർഷങ്ങളായി ഈ റോഡുകളിലെ അമിത വേഗത്തിനു കടിഞ്ഞാണിടാൻ കഴിഞ്ഞിട്ടില്ല. അപകടങ്ങൾ തുടർക്കഥയായിട്ടും മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിക്കുന്നില്ല. എം.സി റോഡിൽ വാഹന നിയന്ത്രണത്തിനായി ഫ്ലൈയിങ് സ്ക്വാഡിന്റെ സേവനം ഉണ്ടെങ്കിലും ഈ സമയങ്ങളിൽ ഇവരും വിശ്രമത്തിലാണ്.
വേഗ നിയന്ത്രണത്തിനായി മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പട്രോളിങ് സംവിധാനവും ഏർപ്പെടുത്തേണ്ടതുണ്ട്. പല സ്കൂളുകളിലും കുട്ടികളെ രക്ഷിതാക്കൾ തന്നെ കൊണ്ടുവിടുകയും വിളിച്ചുകൊണ്ട് വരുകയും ചെയ്യേണ്ട അവസ്ഥയാണ്. വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിന് അറുതുവരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.