പന്തളം: കനത്തമഴയിൽ നെൽകൃഷിക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ കൃഷി ഉദ്യോഗസ്ഥരെ ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കർഷകർ പ്രതിഷേധവുമായി കടയ്ക്കാട് കൃഷിഭവനിൽ എത്തിയത്. പന്തളം നഗരസഭയിലെ മങ്ങാരം, ഇയ്യങ്കോട്, കരിങ്കുറ്റിക്കൽ തുടങ്ങിയ പാടശേഖരത്തിലെ കർഷകർ പങ്കെടുത്തു. 60 ഏക്കറിലെ നെൽകൃഷി കനത്തമഴയിൽ വെള്ളംകയറി നശിച്ചു.
നിലവിൽ പാടശേഖരത്തിലെ കെട്ടിക്കിടക്കുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് അടിച്ചുകളഞ്ഞ് നെല്ല് സംരക്ഷിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. നഗരസഭ പരിധിയിൽ തന്നെ ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളാണ് പ്രകൃതിക്ഷോഭം മൂലം നശിക്കുന്നത്.
വിശാലമായ ആലപ്പുഴ പത്തനംതിട്ട ജില്ല പങ്കിടുന്ന കരിങ്ങാലി പാടശേഖരം, തുമ്പമൺ പന്തളം തെക്കേക്കര പഞ്ചായത്തുകൾ, പന്തളം നഗരസഭ പരിധിയിലെ മാവാര പുഞ്ചയിലെ നെൽകൃഷി എന്നിവ പൂർണമായും വെള്ളത്തിലാണ്.
കഴിഞ്ഞ രണ്ടുവർഷങ്ങളിൽ തുടർച്ചയായുണ്ടായ വെള്ളപ്പൊക്കവും ഇപ്പോൾ തുടർച്ചയായുണ്ടാകുന്ന വേനൽമഴയും കർഷകരുടെ ജീവിതംതന്നെ താളംതെറ്റിച്ചിരിക്കുകയാണ്. കടംവാങ്ങിയും മറ്റും കൃഷിയിറക്കിയ കർഷകരെയാണ് വേനൽമഴ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. കെ.പി ചന്ദ്രശേഖരക്കുറുപ്പ്, പി.വി. ജയൻ, പാടശേഖരസമിതി പ്രസിഡൻറ് ബാലകൃഷ്ണക്കുറുപ്പ് ,അൻസാരി എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.