പന്തളം: ജില്ലയിൽ അവസാനം രൂപംകൊണ്ടതാണ് പന്തളം നഗരസഭ. 2015 ജനുവരി 14ന് നഗരസഭ നിലവിൽവന്ന നഗരസഭയിൽ ആദ്യത്തെ അഞ്ചുവർഷ ഭരണമാണ് പൂർത്തിയായിരിക്കുന്നത്. തെരെഞ്ഞടുപ്പ് കഴിഞ്ഞപ്പോൾ ഭരണ സാരഥ്യം ലഭിച്ചത് എൽ.ഡി.എഫിനാണ്. ആദ്യ ഭരണസമതിക്കുതെന്ന അവിശ്വാസത്തെ നേരിടേണ്ടിവന്നു. 2019 ജനുവരി 13ന് ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസം പ്രമേയം കൊണ്ടുവന്നെങ്കിലും കോൺഗ്രസ് അംഗത്തിെൻറ വോട്ട് അസാധുവായതോടെ പരാജയപ്പെട്ടു.
33 വാർഡുകളുള്ള നഗരസഭയിൽ സംവരണത്തെത്തുടർന്ന് വനിതയാണ് അധ്യക്ഷയായത്. 2018ലെ മഹാപ്രളയം, 2019തിലെ വെള്ളപ്പൊക്കം, കോവിഡ് എന്നീ പ്രതിസന്ധികളെ നേരിട്ടാണ് അഞ്ചുവർഷം ഭരണം നടത്തിയത്. പഞ്ചായത്ത് നഗരസഭയായി മാറിയതിെൻറ ബാലാരിഷ്ടത വേറെയും.
ആദ്യ രണ്ടുവർഷത്തോളം പഞ്ചായത്ത് ഉദ്യോഗസ്ഥർ മാത്രമായിരുന്നു ജീവനക്കാരായുണ്ടായിരുന്നത്. വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നത് ചില പദ്ധതികളെയെങ്കിലും പ്രതിസന്ധിയിലാക്കി. പരിമിതികൾക്കുള്ളിൽ പരമാവധി കാര്യങ്ങൾ നടപ്പാക്കാനായി ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകൾക്കും പാവപ്പെട്ടവരുടെ ക്ഷേമത്തിനും മുന്തിയ പരിഗണന നൽകിയതായി നഗരസഭ അധ്യക്ഷ ടി.കെ. സതി പറഞ്ഞു. എന്നാൽ, നഗരസഭ ഭരണം നരകതുല്യമാക്കിയെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം. പാവപ്പെട്ടവരായ പട്ടികജാതി വിഭാഗങ്ങൾക്ക് ഉപയോഗിക്കേണ്ട 10 കോടി നഷ്ടപ്പെടുത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
അധികാരത്തിൽ എത്തിയപ്പോൾ നഗരസഭയിലെ കക്ഷി നില എൽ.ഡി.എഫ് - 15. യു.ഡി.എഫ് - 11, ബി.ജെ.പി- 7. എന്നീ നിലയിൽ ആയിരുന്നു. ഇതിൽ സി.പി.എം പ്രതിനിധിയായ ജാൻസി ബീഗത്തിന് സർക്കാർ ജോലി ലഭിച്ചപ്പോൾ കൗൺസിൽ സ്ഥാനം രാജിവെച്ചു. ഈ ഒഴിവിലേക്ക് നടന്ന തെരെഞ്ഞടുപ്പിൽ എസ്.ഡി.പി.ഐയിലെ എം.ആർ. ഹസീന വിജയിച്ചതോടെ എൽ.ഡി.എഫിലെ ഒരുസീറ്റ് കുറഞ്ഞു. തെരെഞ്ഞടുപ്പ് തീയതി വന്നില്ലെങ്കിലും വലത്- ഇടത് കക്ഷിക്കിടയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
യു.ഡി.എഫിൽ പ്രമുഖരെല്ലാം ഇക്കുറിയും മത്സരരംഗത്തുണ്ടാകും. എൽ.ഡി.എഫ് ചുരുക്കം ചിലരൊഴികെ മറ്റെല്ലായിടത്തും പുതുമുഖങ്ങളെയാണ് പരീക്ഷിക്കാനൊരുങ്ങുന്നത്. ഇക്കുറി ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽ.ഡി.എഫും നഗരസഭ ഭരണം തിരിച്ച് പിടിക്കാൻ യു.ഡി.എഫും കഴിഞ്ഞതവണ നില മെച്ചപ്പെടുത്തിയ ബി.ജെ.പിയും സജീവമായി വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. എസ്.ഡി.പി.ഐയും സ്ഥാനാർഥികളെ നിർത്തുന്നുണ്ട്.
28.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പന്തളം നഗരസഭയിൽ 42,793 ജനസംഖ്യയുണ്ട്. ഇതിൽ 20,398 പുരുഷന്മാരും 22,395 സ്ത്രീകളും അധിവസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.